ശബരിമലയിലെ സ്‌ത്രീ പ്രവേശനം: നിലപാട് മയപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍

By Web DeskFirst Published Jul 11, 2016, 12:33 PM IST
Highlights

 
ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്‌ത്രീകളെയും പ്രവേശിപ്പിക്കാമെന്നായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നിലപാട്. ആ നിലപാട് തിരുത്തി ആചാരാനുഷ്‌ടാങ്ങള്‍ പിന്തുണടരാന്‍ അനുവദിക്കണമെന്ന നിലപാട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്തെന്ന് ഇന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് എടുത്തുചോദിച്ചപ്പോഴാണ് ശബരിമലയിലെ സ്‌ത്രീ പ്രവേശന കാര്യത്തില്‍ ഭരണഘടനാപരമായ വിഷയങ്ങള്‍ കൂടി പരിഗണിക്കമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. സ്‌ത്രീപ്രവേശനത്തെ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലം നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴും കേസില്‍ ഭരണഘടനാവശങ്ങളും ചട്ടങ്ങളും കൂടി പരിഗണിക്കണമെന്ന സര്‍ക്കാര്‍ നിലപാട് മുന്‍നിലപാടിനെ മയപ്പെടുത്തുന്നതായി. 

ഭരണഘടനയുടെ 14, 25, 26 വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ശബരിമലയില്‍ എല്ലാ വിഭാഗം സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. കേസില്‍ ഭരണഘടനാ വിഷയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കേസ് ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഒരാളുടെ മൗലിക അവകാശം മറ്റൊരാളുടെ മൗലിക അവകാശത്തെക്കാള്‍ വലുതല്ല. ഭരണഘടനാപരമായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ക്ഷേത്രങ്ങള്‍ക്ക് വിലക്കുകള്‍ നടപ്പാക്കാനാകുമോ എന്നും കോടതി ചോദിച്ചു. കേസ് നവംബര്‍ ഏഴിലേക്ക് മാറ്റിവെച്ചു.

click me!