ജേക്കബ് തോമസിനെതിരെ സർക്കാർതല അന്വേഷണം

By Web DeskFirst Published Mar 2, 2018, 3:13 PM IST
Highlights
  • വിവാദ പരാമര്‍ശത്തില്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി
  • ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തല അന്വേഷണം
  • ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ചട്ടലംഘനം പരിശോധിക്കും

തിരുവനന്തപുരം: ഒാഖി ദുരന്തവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തല അന്വേഷണം. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ചട്ടലംഘനം പരിശോധിക്കും. 

ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ നിയമ സെക്രട്ടറിയും അംഗമാണ്. മറ്റംഗങ്ങള്‍ ആരൊക്കെയായിരിക്കും എന്നകാര്യം വ്യക്തമല്ല. അന്വേഷണത്തിന് സമയപരിധിയും നിശ്ചയിച്ചിട്ടില്ല.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നുമുള്ള ജേക്കബ് തോമസിന്‍റെ പരാമര്‍ശമാണ് വിവാദമായത്. അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ പ്രസംഗിക്കവെയാണ് ജേക്കബ് തോമസ് സര്‍ക്കാരിനെ രൂക്ഷ വിമര്‍ശിച്ചത്. പണക്കാരുടെ മക്കളാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇതാകില്ലായിരുന്നു സര്‍ക്കാരിന്‍റെ പ്രതികരണം എന്നായിരുന്നു ജേക്കബ് തോമസിന്‍റെ ആക്ഷേപം. ഇവിടെ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതി വിരുദ്ധരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ജേക്കബ് തോമസിനോട് വിശദീകരണം ചോദിച്ചിരുന്നു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു എന്ന തരത്തില്‍ താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഓഖിയുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ വസ്തുതകളാണെന്നുമായിരുന്നു ജേക്കബ് തോമസ് നല്‍കിയ വിശദീകരണം. 

click me!