ട്രാന്‍സ്‍ജെന്‍ഡേഴ്സിന് തുണയായി സര്‍ക്കാര്‍; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് രണ്ട് ലക്ഷം ധനസഹായം

By Web TeamFirst Published Nov 21, 2018, 1:49 PM IST
Highlights

അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. ഒരാള്‍ക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ധനസഹായം നല്‍കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. ഒരാള്‍ക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. 

സംസ്ഥാനത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 10 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കാണ് ധനസഹായം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കുന്ന വിഭാഗമായ ടാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിനായി നിരവധി പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച് വരുന്നത്. 

ഇന്ത്യയില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ക്കായിട്ടുളള പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സാമുഹ്യനീതി വകുപ്പ് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും വ്യക്തിഗത ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ലിംഗഭേദവുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നേരിടേണ്ടി വരുന്ന വൈകാരിക പ്രതിസന്ധികള്‍ക്ക് ഒരളവ് വരെ പരിഹാരമാണ് ലിംഗമാറ്റ ശസ്ത്രക്രിയകള്‍. അതിനാലാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി സബ്‌സിഡി നിരക്കില്‍ ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതിയ്ക്ക് അടുത്തിടെ ഭരണാനുമതി നല്‍കിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം സംരംഭകരാക്കി മാറ്റാനും അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനുമായി സംരഭകത്വ പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നുണ്ട്.

click me!