
ഗൾഫിൽനിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ കാലതാമസമുണ്ടാക്കുന്ന തരത്തില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് കത്തയക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ നിബന്ധന വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മുഖ്യമന്ത്രി യുടെ ഓഫീസ് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു കൊണ്ടുവന്നത്.
മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ നിർദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് പുതിയ ഉത്തരവ്. അങ്ങനെയാവുമ്പോള്‍ മൃതദേഹം നാട്ടിലെത്താന്‍ ചുരുങ്ങിയത് നാലുദിവസമെങ്കിലും പിടിക്കും. ഗള്‍ഫിലെ പ്രവാസികളെയും നാട്ടിലെ കുടുംബത്തേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്ന നിബന്ധനയാണിത്. മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ നിർദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻ.ഒ.സി, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഉത്തരവ്. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് നിബന്ധനയെന്നാണ് ദുബായി ഷാര്‍ജ വിമാനത്താവളങ്ങളിലെ കാര്‍ഗോ കമ്പനികളിലേക്ക് കരിപ്പൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അയച്ച ഇമെയിലില്‍ പറയുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ കാര്‍ഗോ കമ്പനികള്‍ തീരുമാനം നടപ്പിലാക്കിയതോടെ മൃതദേഹവുമായി എത്തിയവര്‍ ദുരിതത്തിലായി.
നിലവില്‍ പ്രവാസികള്‍ മരിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ മൃദേഹം നാട്ടിലെത്തിക്കാം. മരണം നടന്ന രാജ്യത്തെ പോലീസിന്‍റെയും മറ്റു അധികൃതരുടെയും ഇന്ത്യന്‍ എംബസിയുടെയും നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഇതിന് ആവശ്യമുണ്ട്. എന്നാല്‍ അതെല്ലാം കിട്ടിയാലും ഇനി മൃതദേഹം നാട്ടിലെത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ് പുതിയ ഉത്തരവിലൂടെ സംജാതമായിരിക്കുന്നത്. മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ യുഎഇയിലെ എംബാംമിംഗ് കേന്ദ്രങ്ങളില്‍ നിന്ന് എംബാമിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ, അപ്പോള്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ മുമ്പ് എങ്ങനെ നാട്ടിലെ വിമാനത്താവളത്തില്‍ ഹാജരാക്കാന്‍ കഴിയുമെന്നും സാമൂഹ്യപ്രവര്‍ത്തനരംഗത്തുള്ളവര്‍ ചോദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam