മമത ബാനർജി ഇഡി റെയ്ഡ് തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. റെയ്ഡ് തടഞ്ഞ മുഖ്യമന്ത്രിക്ക് എതിരെ സിബിഐ അന്വേഷണം വേണമെന്ന് ഇഡി തിരഞ്ഞെടുപ്പ് രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ശ്രമിച്ചതെന്ന് മമത

ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇ ഡി റെയ്ഡ് തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ വാദത്തിനിടെ നടന്ന സംഭവങ്ങൾ അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. വിഷയം പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മുഖ്യമന്ത്രി തന്നെ റെയ്ഡ് തടസ്സപ്പെടുത്തിയതിൽ സി ബി ഐ അന്വേഷണം വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഇ ഡി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ വരെ മുഖ്യമന്ത്രി തട്ടിയെടുത്തതായി സോളിസിറ്റർ ജനറൽ കോടതിയിൽ ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ പിടിച്ചെടുക്കാനാണ് ഇ ഡി ശ്രമിച്ചതെന്ന് മമത ബാനർജി തിരിച്ചടിച്ചു. വിഷയം ഹൈക്കോടതി തന്നെ പരിശോധിച്ചാൽ മതിയെന്നാണ് സംസ്ഥാന സർക്കാർ വാദം. എന്നാൽ ഇക്കാര്യത്തിൽ സുപ്രീം കോടതി ഉച്ചയ്ക്ക് ശേഷവും വാദം തുടരും. ശേഷമാകും തീരുമാനം.

വിശദ വിവരങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ ഐ ടി വിഭാഗം മേധാവിയും രാഷ്ട്രീയ ഉപദേശക ഏജൻസിയായ ഐ പാക്കിന്‍റെ തലവനുമായ പ്രദീക് ജയിന്‍റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്‌ഡ്‌ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തടസപ്പെടുത്തിയെന്ന് കാട്ടി ഇ ഡിയാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജിക്കെതിരെ ബംഗാൾ സർക്കാരും തൃണമൂലും തടസഹർജിയും നൽകി. ഇതോടെയാണ് പരമോന്നത കോടതിയിൽ തൃണമൂൽ കോൺഗ്രസും ഇ ഡിയും തമ്മിൽ പോര് തുടങ്ങിയത്. 20 കോടി രൂപയുടെ കള്ളപ്പണം ഐ പാക് വഴി തൃണമൂൽ, ഗോവയിൽ എത്തിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ ഇ ഡി ഉയർത്തിയിട്ടുണ്ട്. സി ബി ഐ കേസിന്‌ അനുബന്ധമായി എടുത്ത കേസ്‌ നിക്ഷ്‌പക്ഷമായി അന്വേഷിക്കാനുള്ള ഏജൻസിയുടെ അധികാരം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നുവെന്നാണ്‌ ഇ ഡിയുടെ പ്രധാന വാദം.

തൃണമൂലിനെതിരെ ആരോപണം കടുപ്പിച്ച് ഇ ഡി

അതേസമയം തൃണമൂൽ കോൺഗ്രിനെതിരെ ആരോപണം കടുപ്പിക്കുകയാണ് ഇ ഡി. ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹവാല പണം തൃണമൂൽ കോൺഗ്രസ് ഗോവയിലെത്തിച്ചെന്ന് ഇ ഡി പറയുന്നു. 20 കോടിയുടെ ഹവാല പണം ആറ് പേർ കൈമറിഞ്ഞാണ് എത്തിച്ചത്. ഇതിൽ ഐ പാക് സഹസ്ഥാപകൻ പ്രതീക് ജയിന്‍രെ പങ്കാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം മമത ബാനർജി തടസ്സപ്പെടുത്തുന്നത് വ്യക്തമായ തെളിവ് കിട്ടിയെന്ന് മനസ്സിലാക്കിയാണെന്നും ഇ ഡി ആരോപിക്കുന്നുണ്ട്. ഐ പാക്കിലെ റെയ്ഡിനെതിരെ മമത ബാനര്‍ജി നല്‍കിയ പരാതിയില്‍ ഇ ഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് ഇതിനിടെ കേസെടുത്തിരുന്നു. ടി എം സി തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ രേഖകൾ ഇ ഡി മോഷ്ടിക്കാൻ നോക്കിയെന്നാണ് കേസ്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി അറസ്റ്റ് ചെയ്യാൻ കൊൽക്കത്ത പൊലീസ് നടപടി തുടരുന്നുവെന്നാണ് വിവരം.