അഭിമന്യു വധക്കേസ്; ആറാം പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാരിന്‍റെ അപേക്ഷ ഹൈക്കോടതിയില്‍

By Web TeamFirst Published Jan 10, 2019, 2:21 PM IST
Highlights

അഭിമന്യു വധക്കേസിലെ ആറാം പ്രതി റെജിബിന്‍റെ  ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാര്‍ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
 

കൊച്ചി: അഭിമന്യു വധക്കേസിലെ ആറാം പ്രതി റെജിബിന്‍റെ  ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാര്‍ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതിക്ക് കൊലപാതകത്തിൽ സുപ്രധാന പങ്കുണ്ട് എന്നും ഇയാൾ പുറത്തു നിൽക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആണ് അപേക്ഷയിൽ പറയുന്നത്. അപേക്ഷ സ്വീകരിച്ച കോടതി ആറാം പ്രതി റെജിബിന് നോട്ടീസ് അയച്ചു.

മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു കൊല്ലപ്പെടുമ്പോള്‍ അഭിമന്യു. കഴിഞ്ഞ ജൂലൈ ഒന്നിന് മഹാരാജാസ് കോളേജ് ക്യാംപസില്‍ വച്ച് രാത്രിയുടെ മറവിലാണ് അഭിമന്യുവിന് കുത്തേറ്റത്. 

രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ്.എഫ്.ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

നെഞ്ചിന് സര്‍ജിക്കല്‍ ബ്ലൈഡ് കൊണ്ട് കുത്തേറ്റ അഭിമന്യുവിനെ ഉടന്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകനും കോട്ടയം സ്വദേശിയുമായ അര്‍ജുന്‍ നിണ്ട ചികിത്സയ്ക്ക് ശേഷം അടുത്ത കാലത്താണ് ആശുപത്രി വിട്ടത്. 


 

click me!