ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്ന സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

By Web DeskFirst Published May 3, 2018, 12:45 AM IST
Highlights
  • ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്ന സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ദില്ലി: കോടതി ഉത്തരവ് പ്രകാരം ഹിമാചല്‍ പ്രദേശിലെ സ്വകാര്യ ഹോട്ടല്‍ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്ന സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേസന്വേഷണത്തിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു.

ഹിമാചല്‍ പ്രദേശിലെ കസൗളിയിൽ അനധികൃത ഹോട്ടലുകള്‍ പൊളിച്ചുമാറ്റണണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനെത്തിയ സഹ ടൗണ്‍ പ്ലാനിങ്ങ് ഓഫീസറാണ് കൊല്ലപ്പെട്ടത്. പൊലീസ് അകമ്പടിയോടെ ഇന്നലെ വൈകിട്ട് പൊളിച്ചുമാറ്റലിന് നേതൃത്വം നല്‍കാനെത്തിയ സഹ ടൗണ്‍ പ്ലാനിങ് ഓഫീസര്‍ ശൈല ബാലയ്ക്ക് നേരെ ഹോട്ടലുടമകളില്‍ ഒരാള്‍ വെടിയുതിര്‍ത്തു. ഉദ്യോഗസ്ഥ തല്‍ക്ഷണം മരിച്ചു. 

കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി പൊലീസിന് എതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസ് എവിടെയായിരുന്നെന്ന് ചോദിച്ച സുപ്രീംകോടതി ജനങ്ങളെ കൊല്ലാനാണു പദ്ധതി എങ്കില്‍ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിര്‍ത്താം എന്നും വ്യക്തമാക്കി. 

നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉദ്യോഗസ്ഥയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കസോലിയയിലെ അനധികൃത ഹോട്ടലുകള്‍ പൊളിച്ചു മാറ്റാനുള്ള നടപടി ജില്ലാ മജിസട്രേറ്റിന്‍റെ നേതൃത്വത്തില്‍ പുനരാരംഭിച്ചു. 

click me!