ബംഗ്ലാദേശിലെ ശരിയത്ത്പൂർ സ്വദേശിയായ ഹിന്ദു യുവാവ് ഖോകോൺ ചന്ദ്ര ദാസ് അക്രമി സംഘത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കടയടച്ച് വീട്ടിലേക്ക് മടങ്ങവേ ക്രൂരമായി മർദിച്ച ശേഷം അക്രമികൾ ഇദ്ദേഹത്തെ തീകൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ധാക്ക: ബംഗ്ലാദേശിൽ അക്രമി സംഘം ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശരിയത്ത്പൂർ സ്വദേശി ഖോകോൺ ചന്ദ്ര ദാസാണ് മരിച്ചത്. ക്രൂരമായി മർദ്ദിച്ച ശേഷം അക്രമികൾ ഇദ്ദേഹത്തിൻ്റെ തലയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സമീപത്തെ കുളത്തിലേക്ക് ചാടിയ ഇദ്ദേഹത്തെ നാട്ടുകാരനായ മുസ്ലിം യുവാവാണ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.

ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെ മെഡിസിൻ-മൊബൈൽ ബാങ്കിങ് ബിസിനസ് നടത്തുകയായിരുന്നു ഇദ്ദേഹം. സംഭവ ദിവസം കടയടച്ച് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. യാതൊരു പ്രകോപനവുമില്ലാതെ ഇദ്ദേഹത്തെ ആക്രമിച്ച ശേഷം തീകൊളുത്തുകയായിരുന്നു. 

അതേസമയം ഓടിരക്ഷപ്പെട്ട പ്രതികളെ ഇതുവരെ കണ്ടെത്താൻ ബംഗ്ലാദേശ് പൊലീസിന് സാധിച്ചിട്ടില്ല. ആരുമായും ശത്രുതയില്ലാത്ത ദാസിനെ ആക്രമിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ഭാര്യ സീമ പ്രതികരിച്ചത്. തന്നെ മർദിച്ച രണ്ടു പേരെ ദാസ് തിരിച്ചറിഞ്ഞിരുന്നുവെന്നും പിന്നാലെയാണ് അദ്ദേഹത്തിന്‍റെ തലയിലും മുഖത്തും പെട്രോൾ ഒഴിച്ച് അക്രമികൾ തീകൊളുത്തിയതെന്നും സീമ ദാസ് പറഞ്ഞിരുന്നു. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.