സമവായത്തിലൂടെ രാഷ്ട്രപതിയെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി

By Web DeskFirst Published Jun 14, 2017, 6:15 PM IST
Highlights

സമവായത്തിലൂടെ രാഷ്‌ട്രപതിയെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ബി.ജെ.പി രൂപീകരിച്ച മന്ത്രിമാരുടെ സമിതി വെള്ളിയാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം പൊതുസ്ഥാനാര്‍ത്ഥി ആരാണെന്ന് നിശ്ചയിച്ചാല്‍ മതിയെന്ന് ഇന്നു ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തു വന്നതോടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള നീക്കം ദില്ലിയില്‍ സജീവമായി. രാവിലെ നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരെ ടെലിഫോണില്‍ വിളിച്ചത്. വെള്ളിയാഴ്ച രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു എന്നിവര്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ധനമന്ത്രി അരുണ്‍ജെയ്‍റ്റ്‍ലി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണും. കൂടിക്കാഴ്ചയില്‍ ബി.ജെ.പിയുടെ സ്ഥാനാത്ഥി ആരെന്ന് വെളിപ്പെടുത്തുമോ എന്ന് വ്യക്തമല്ല. എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുള്ള വ്യക്തിയെങ്കില്‍ അംഗീകരിക്കാം എന്നാണ് പ്രതിപക്ഷ നിലപാട്. 

പ്രതിപക്ഷത്ത് നിന്ന് നിര്‍ദ്ദേശിക്കുന്ന ആരെയും അംഗീകരിക്കില്ലെന്നും എന്നാല്‍ സര്‍വ്വസമ്മതിയോടെ എന്‍.‍ഡി.എ നിര്‍ദ്ദേശിക്കുന്ന വ്യക്തി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ആരായുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രതിപക്ഷത്തിനും തള്ളിക്കളയാനാവാത്ത ഒരു സ്ഥാനാര്‍ത്ഥി മനസ്സിലുണ്ട് എന്ന് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് ചില പ്രതിപക്ഷ നേതാക്കളോട് പറഞ്ഞു. ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്ന് പാര്‍ലമെന്റില്‍ ഗുലാം നബി ആസാദിന്റെ മുറിയില്‍ യോഗം ചേര്‍ന്നു. പേരുകളൊന്നും യോഗത്തില്‍ ചര്‍ച്ചയായില്ല. ഒന്നിച്ചു നില്‍ക്കാനും സര്‍ക്കാര്‍ നീക്കം അറിഞ്ഞ ശേഷം യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

click me!