മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം

By Web DeskFirst Published Jun 7, 2016, 10:47 AM IST
Highlights

ബുധനാഴ്ചയ്‌ക്കകം സ്കൂള്‍ അടച്ചൂപൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്ത് തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാനാണ് ശ്രമം. വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശത്തോട് ധനവകുപ്പിനും യോജിപ്പാണെന്നാണ് വിവരം. അന്തിമതീരുമാനം മുഖ്യമന്ത്രി ഉടന്‍ കൈക്കൊള്ളും. സാധാരണ നിലയില്‍ ഒരു എയ്ഡഡ് സ്കൂള്‍ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ ചട്ടപ്രകാരം തടസ്സമല്ല. എന്നാല്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സ്കൂള്‍ ഏറ്റെടുക്കുമ്പോള്‍ നിയമപരമായി എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കോഴിക്കോട് നഗരമധ്യത്തിലുള്ള സ്കൂളിനും അനുബന്ധസ്ഥലത്തിനും വലിയ വില നല്‍കേണ്ടതുണ്ട്. 

എന്നാല്‍ ഏറ്റെടുത്താല്‍ സര്‍ക്കാറിന് രാഷ്‌ട്രീയമായി നേട്ടമുണ്ടാക്കുമെന്ന് ഇടതമുന്നണിയില്‍ പൊതുഅഭിപ്രായമുണ്ട്. പക്ഷെ  അടച്ചുപൂട്ടിയ മറ്റ് സ്കൂളുകളും മലാപ്പറമ്പ് മാതൃകയില്‍ ഏറ്റെടുക്കണമെന്ന സമ്മര്‍ദ്ദവും സര്‍ക്കാറിന് മേലുണ്ടാകും. അടച്ചുപൂട്ടാനായി  25 സ്കൂളുകളുകളാണ് സര്‍ക്കാറിന് അപേക്ഷ നല്‍കിയത്. അതില്‍ മലാപ്പറമ്പ് അടക്കം നാലെണ്ണത്തില്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ കോടതി ഉത്തരവുണ്ട്. മറ്റ് സ്കൂളുകള്‍ നിലനിര്‍ത്താനാണ് കെഇആര്‍ ഭേദഗതിക്ക് ശ്രമിക്കുന്നത്. ആദായകരമല്ലെന്ന് കണ്ടെത്തിയ 3557 സ്കൂളുകളുടെ കാര്യത്തില്‍ ഉടന്‍ നയപരമായ തീരുമാനം എടുക്കേണ്ടതും സര്‍ക്കാറിന് വെല്ലുവിളിയാണ്.

click me!