
ന്യൂഡല്‍ഹി: സൗമ്യ വധക്കേസിൽ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നൽകിയ ഹർജിയിൽ സുപ്രീംകോടതി നാളെ വിധി പറയും. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗബഞ്ചാണ് വിധി പറയുക
2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ ട്രെയിൻ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമിക്ക് വിചാര കോടതി വധശിക്ഷ നൽകി. വധശിക്ഷ കേരള ഹൈക്കോടതിയും ശരിവച്ചു. വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് സുപ്രീകോടതി മൂന്നംഗബെഞ്ച് വിധിപറയുക.
സൗമ്യയുടേത് അപകട മരണമാണെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ വാദം. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവ് ഹാജരാക്കാൻ സംസ്ഥാനസർക്കാരിന് സാധിച്ചിട്ടില്ല. സൗമ്യയുടെ കൊലപാതകം സർക്കാരിന് തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസിൽ വിധി പറയാൻ സുപ്രീംകോടതി മാറ്റിവച്ചത്. കൊലപാതകം തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തലെങ്കിൽ ഗോവിന്ദച്ചാമി വധശിക്ഷയിൽ നിന്ന് രക്ഷപ്പെടും. ബലാത്സംഗം-മോഷണം ഉൾപ്പെടെ മറ്റ് 13 കുറ്റങ്ങളിൽ മാത്രമാകും ഗോവിന്ദച്ചാമിയുടെ ശിക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam