പ്രളയ ദുരിതാശ്വാസം സിപിഎമ്മുകാര്‍ക്ക് മാത്രമോ? വിമര്‍ശനവുമായി ചെന്നിത്തല

By Web TeamFirst Published Nov 25, 2018, 1:07 PM IST
Highlights

'പ്രളയ ദുരിദാശ്വാസത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വിസമ്മതപത്രം പോലുള്ള കോമാളിത്തരം കാണിച്ച് സർക്കാർ സാലറി ചാലഞ്ച് കുളമാക്കുകയല്ലേ ചെയ്തത്?'' ചെന്നിത്തല ചോദിയ്ക്കുന്നു. 

തിരുവനന്തപുരം: പ്രളയം മനുഷ്യനിര്‍മ്മിതമെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം ഉണ്ടായിട്ട് നൂറ് ദിവസം പിന്നിടുകയാണ്. നാലായിരം കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. ദുരിതബാധിതര്‍ക്കായി പ്രഖ്യാപിച്ച പ്രാഥമികധനസഹായമായ 10000 രൂപ കിട്ടാത്ത ആളുകൾ ഇപ്പോഴും ഉണ്ടെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഎം അല്ലാത്ത ആളുകൾക്ക് പണം കിട്ടുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. മുഖ്യമന്ത്രി പതിരായ പല വാഗ്ദാനങ്ങളും നൽകി. എന്നാല്‍ ഒന്നും നടപ്പായില്ല. ഒരു കച്ചവടക്കാരനും ഇതുവരെ ഒരു സഹായവും കിട്ടിയിട്ടില്ല. പ്രളയത്തിൽ അകപ്പെട്ടവരെ സംരക്ഷിക്കാനുള്ള നടപടികൾ എത്രത്തോളമായി എന്നത് പരിശോധിക്കണം. പ്രളയാനന്തരപുനർനിർമാണത്തിനുള്ള പ്രാഥമിക രൂപരേഖ പോലും ഇതു വരെയും ആയിട്ടില്ല. മുൻകൂർ ജാമ്യം എടുക്കാനായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

പ്രളയദുരിതാശ്വാസത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വിസമ്മതപത്രം പോലുള്ള കോമാളിത്തരം കാണിച്ച് സർക്കർ സാലറി ചാലഞ്ച് കുളമാക്കി. കേരള പുനര്‍നിര്‍മ്മാണത്തിന് ഉപദേശക ഏജന്‍സിയായ കെപിഎംജിയെ ഏൽപ്പിക്കണം എന്നത് മുഖ്യമന്ത്രിയുടെ വാശിയായിരുന്നു. പ്രതിപക്ഷം അത് എതിര്‍ത്തെങ്കിലും മുഖ്യമന്ത്രി അന്ന് അത് കേട്ടില്ല. ഒരു വികസനവും നടന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. 

കേന്ദ്രസർക്കാർ കേരളത്തോട് വലിയ അനീതിയാണ് കാട്ടുന്നത്. അതിനെതിരെ സർക്കാർ പ്രതികരിക്കുന്നില്ല. പ്രധാനമന്ത്രിയെ വെള്ള പൂശാനാണ് പിണറായി ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്വർണത്താലത്തിൽ ബിജെപിക്ക് വെച്ചുനീട്ടിയ ഉപഹാരമാണ് ശബരിമല. ബിജെപി ക്ക് വളരാൻ അവസരം നൽകുന്നത് പിണറായിയാണ്. ആന്‍റണി വർഗീയതയ്ക്ക് വെള്ളവും വളവും നൽകുന്നുവെന്ന പിണറായിയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും ചെന്നിത്തല വ്യക്തമാക്കി. 

click me!