മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ ചട്ടം: വിവാദ ഉത്തരവ് കേന്ദ്രം പിൻവലിച്ചു

By Web DeskFirst Published Apr 3, 2018, 1:19 PM IST
Highlights
  • വ്യാജവാര്‍ത്ത:പത്രപ്രവർത്തരുടെ അക്രഡിറ്റേഷൻ പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കി
  • പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം

ദില്ലി: വ്യാജ വാർത്ത നല്കുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള വാർത്താവിതരണ മന്ത്രാലയത്തിൻറെ ഉത്തരവ് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പിൻവലിച്ചു. ഉത്തരവ് സെൻസർഷിപ്പിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മാധ്യമസംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതോടെയാണ് സർക്കാർ നിലപാടു മാറ്റിയത്.

കേന്ദ്രവാർത്താ വിതരണമന്ത്രി സ്മൃതി ഇറാനിയുടെ നിർദ്ദേശപ്രകാരമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ഇന്നലെ വാർത്താ കുറിപ്പ് പുറത്തിറക്കിയത്. വ്യാജവാർത്ത നല്കുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ ആറു മാസത്തേക്കോ, ഒരു വർഷത്തേക്കോ സസ്പെൻഡ് ചെയ്യാനും അതല്ലെങ്കിൽ സ്ഥിരമായി റദ്ദാക്കാനും ഉള്ള അധികാരം കേന്ദ്ര അക്രഡിറ്റേഷൻ കമ്മിറ്റിക്ക് നല്കുന്നതായിരുന്നു ഉത്തരവ്. പരാതികൾ പ്രസ്കൗൺസിലോ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോഷിയേഷനോ പരിശോധിച്ച ശേഷം നടപടിയെന്നായിരുന്നു നിർദ്ദേശം. 

എന്നാൽ ഇത് സെൻസർഷിപ്പിനും ദുരുപയോഗത്തിനും ഇടയാക്കുമെന്ന് വ്യാപക പരാതി ഉയർന്നു. മാധ്യമസംഘടനകൾക്കും പ്രതിപക്ഷത്തിനും ഒപ്പം ചില ഭരണപക്ഷ അംഗങ്ങളും ഉത്തരവിനെതിരെ രംഗത്തുവന്നു.  അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നായിരുന്നു വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഡാഗിയയുടെ പ്രതികരണം. തുടർന്ന് ഉത്തവ് പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നല്കുകയായിരുന്നു. 

വിഷയം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിഗണനയ്ക്ക് വിടാനും പ്രധാനമന്ത്രി നിർദ്ദേശം നല്കി. തീരുമാനത്തിൽ ഉറച്ചു നിന്ന വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനിക്കും ഉത്തരവ് പിൻവലിക്കേണ്ടി വന്നത് തിരിച്ചടിയായി. പ്രധാനമന്ത്രി അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങില്ലെന്നും പ്രതിഷേധം ശക്തമായതോടെ സർക്കാർ മുട്ടുമടക്കിയതാണെന്നും കോൺഗ്രസ് പ്രതികരിച്ചു.  
 

click me!