ഓഖിയിൽ പുതിയ കണക്കുമായി സർക്കാർ; കാണാതായവർ 216 പേർ

By Web DeskFirst Published Jan 3, 2018, 9:43 AM IST
Highlights

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പുതിയ കണക്കുമായി സർക്കാർ. കേരള തീരത്ത് നിന്ന പോയ 216 പേർ തിരിച്ചെത്താനുണ്ടെന്ന് സർക്കാരിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അതിനിടെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നവയിൽ മൂന്ന് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.

സർക്കാരിന്റെ പുതിയ കണക്ക് പ്രകാരം തിരിച്ചെത്താനുള്ള 216 പേരിൽ 141 പേർ മലയാളികളാണ്.   കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 75 ഇതരസംസ്ഥാനക്കാരെയും കണ്ടെത്താനുണ്ടെന്ന്  സംസ്ഥാന സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.ഇതിനിടെ ദുരന്തത്തിൽ പെട്ട 3 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് തിരിച്ചറിഞ്ഞു. 

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പുല്ലുവിള സ്വദേശി സിറിൽ മിറാൻറ, വിഴിഞ്ഞം സ്വദേശി ജെറോം ഏലിയാസ്, തൂത്തുക്കുടി സ്വദേശി കിൻസ്റ്റൺ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ജില്ലാ ഭരണകൂടവും ഫിഷറീസ് വകുപ്പും അറിയിച്ചു.

സംസ്ഥാനത്ത് ഇനി 33 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട് .ഇതിൽ 13 മൃതദേഹങ്ങൾ കോഴിക്കോടും 7 മൃതദേഹങ്ങൾ എറണാകുളത്തുമാണ് ഉളളത്. കണ്ണൂരിൽ 4 ഉം മലപ്പുറത്ത് 3 ഉം തൃശ്ശൂരും തിരുവനന്തപുരത്തും 2 വീതവും കൊല്ലത്തും കാസർകോഡും ഒരോ മൃതദേഹങ്ങൾ  വീതവും ഇനിയും തിരിച്ചറിയാനുണ്ട്. 

click me!