ട്വിറ്റർ മുൻ മേധാവി ജാക്ക് ഡോർസിയുടെ ഫിൻടെക് കമ്പനിയായ ബ്ലോക്ക്, ഏകദേശം 4,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കടന്നുകയറ്റം മൂലം പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം 

ജീവനക്കാരുടെ വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് അമേരിക്കൻ ഫിൻ ടെക് കമ്പനി ബ്ലോക്ക്. 4,000-ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം. ട്വിറ്റർ മുൻ മേധാവി ജാക്ക് ഡോർസിയുടെ ഉടമസ്ഥതയിലുള്ള ഫിൻ ടെക് കമ്പനിയാണ് 'ബ്ലോക്ക്'. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കടന്നുകയറ്റമാണ് ഇത്രയും വലിയ പിരിച്ചുവിടലിലേക്ക് കമ്പനിയെ നയിച്ച പ്രധാന ഘടകങ്ങളിലൊന്ന് എന്നാണ് വിശദീകരണം. മനുഷ്യർ ചെയ്തിരുന്ന പല ജോലികളും എഐ ടൂളുകൾ ഉപയോഗിച്ച് കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി ചെയ്യാമെന്ന് കമ്പനി വിലയിരുത്തുന്നു. കമ്പനി നല്ല ലാഭത്തിലാണെങ്കിലും പുതിയ കാലത്ത് ആളുകളെ വെട്ടിക്കുറച്ചേ പറ്റൂവെന്ന് ജാക്ക് വ്യക്തമാക്കി. പിരിച്ചുവിടുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.

ഉപഭോക്തൃ സേവനം, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ എഐ ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ജാക്ക് ഡോർസി വ്യക്തമാക്കി. 

‘’പിരിച്ച് വിടൽ നേരത്തയാണെന്ന് ഞാൻ കരുതുന്നില്ല''. മറ്റ് കമ്പനികൾ ആളുകളെ ഒഴിവാക്കുന്നത് വൈകുന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും കഠിനമായ തീരുമാനമാണ് താനെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് നേരത്തെ തന്നെ ബ്ലോക്ക് പ്രഖ്യാപിച്ചിരുന്നു. നിലവിൽ 10000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇത് ആറായിരത്തിലേക്ക് ചുരുക്കും. സാങ്കേതിക മേഖലയിൽ എഐ വിപ്ലവം ശക്തമാകുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ആഗോള ടെക് കമ്പനികൾ സമാനമായ രീതിയിലുള്ള പിരിച്ചുവിടലുകൾ നടത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.