
കൊച്ചി:എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫ് മാഷിന്‍റെ കൈവെട്ടിയ കേസിലെ പ്രതിയുമായ മനാഫിനും പങ്കുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍.
അഭിമന്യു വധത്തിന്‍റെ ഗൂഢാലോചനയില്‍ മനാഫിനും പങ്കുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. കൈവെട്ട് കേസില്‍ പതിമൂന്നാം പ്രതിയായ മനാഫിനെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.
അഭിമന്യു കേസിന്‍റെ പേരില്‍ കുടുംബാംഗങ്ങളെ പൊലീസ് വേട്ടയാടുന്നുവെന്നും സ്വൈര്യജീവിതം തകര്‍ക്കുന്നുവെന്നും ആരോപിച്ച് ഒരുകൂട്ടം സ്ത്രീകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്ത്രീകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
മനാഫിന് കൊലയില്‍ പങ്കുള്ളതായി ചില സൂചനകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. മനാഫ് ഇപ്പോള്‍ ഒളിവിലാണ്. മനാഫിനെ കൂടാതെ പള്ളുരുത്തി സ്വദേശി ഷമീറാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളും ഇപ്പോള്‍ ഒളിവിലാണ്. ഹര്‍ജിക്കാരില്‍ ഒരാളുടെ മകനിപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരു മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഹര്‍ജിക്കാരായ സ്ത്രീകളെയാരേയും പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇനി ആരില്‍ നിന്നെങ്കിലും വിവരം ശേഖരിക്കണമെങ്കില്‍ നോട്ടീസ് അയച്ച അവരെ വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam