ക്രിസ്റ്റ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ ചിലവാക്കിയത് 6.68 കോടി

By Web DeskFirst Published Mar 6, 2018, 11:03 AM IST
Highlights

സര്‍ക്കാര്‍ സാന്പത്തിക പ്രതിസന്ധിയെ നേരിടുന്പോള്‍ മുണ്ടു മുറുകിയുടുക്കണമെന്നൊരു പ്രയോഗം കാലാകാലങ്ങളില്‍ ധനമന്ത്രിമാരില്‍ നിന്നും ഉണ്ടാവാറുണ്ട്. പൊതുജനത്തോട് ചിലവ് ചുരുക്കാന്‍ പറയുന്ന മന്ത്രിമാര്‍ക്കും സര്‍ക്കാരും സ്വന്തം ചിലവില്‍ വല്ല നിയന്ത്രണവും വരുത്തിയിട്ടുണ്ടോ.... ധനപ്രതിസന്ധിയുടെ കാലത്തെ സര്‍ക്കാര്‍ ധൂര്‍ത്തിനെക്കുറിച്ചുള്ള അന്വേഷണ പരന്പര ഏഷ്യനെറ്റ് ന്യൂസ് ആരംഭിക്കുന്നു....  മുണ്ടുമുറുക്കേണ്ടത് ആര്....

 

തിരുവനന്തപുരം:ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ വാങ്ങിയത് 25 ഇന്നോവ ക്രിസ്റ്റ കാറുകള്‍.ടോയോട്ട ഇന്നോവയുടെ ആഡംബര മോഡലാണ് ക്രിസ്റ്റ.  ക്രിസ്റ്റയുടെ ഒരു ഫുള്‍ ഓപ്ഷന്‍ ഡീസല്‍ മോഡല്‍ കിട്ടാന്‍ 26 ലക്ഷത്തിന് മേലെ ചിലവാകും. 25 ലക്ഷത്തിന് മുകളിലാണ് പെട്രോള്‍  മോഡലിന് വില. വണ്ടിയൊക്കെ ഗംഭീരമാണെങ്കിലും മൈലേജ് പക്ഷേ പത്ത് കിലോമീറ്ററിന് താഴെയാണ്. 

6,68,82,307 രൂപയാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് ക്രിസ്റ്റ കാറുകള്‍ വാങ്ങുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയത്. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ചീഫ് സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥരും ക്രിസ്റ്റയാണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് സ്പെയര്‍ അടക്കം രണ്ട് ക്രിസ്റ്റകളുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ക്രിസ്റ്റയിലാണ് യാത്ര ചെയ്യുന്നത്.

തിരുവനന്തപുരത്ത് നിന്ന് പുറത്തേക്കുള്ള യാത്രയില്‍ കിലോമീറ്ററിന് പത്ത് രൂപ വച്ച് മന്ത്രിമാര്‍ക്ക് അലവന്‍സ് കിട്ടും. തിരുവനന്തപുരം നഗരത്തിനുള്ളിലുള്ള യാത്രകള്‍ക്ക് 7000 രൂപയുടെ മറ്റൊരു ബത്തയും മന്ത്രിമാര്‍ക്ക് ലഭിക്കുന്നുണ്ട്. 

 

click me!