സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടന അടിമുടി പരിഷ്കരിക്കുന്നു

By Web DeskFirst Published Dec 10, 2016, 1:19 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടന അടിമുടി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. അച്ചടിയിലെ സമഗ്രമാറ്റത്തിന് പുറമെ സമ്മാനത്തുകയിലും മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് സ‌ര്‍ക്കാര്‍ പരിഗണിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4032 കോടി രൂപയുടെ ആകെ വിറ്റുവരവുണ്ടായിരുന്ന സംസ്ഥാന ഭാഗ്യക്കുറി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സമാഹരിച്ചത് 5084 കോടി രൂപയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക വിഭവ സ്രോതസ്സുകളിലൊന്നാണ് ലോട്ടറി. സംസ്ഥാന ഭാഗ്യക്കുറിയുടെ സുരക്ഷ,നറുക്കെടുപ്പ്,സംരംഭ വിഭവാസൂത്രണ സംവിധാനം എന്നിവ സംബന്ധിച്ച സോഫ്റ്റ്‌വെയറുകള്‍ പരിഷ്കരിക്കും. ഇതിനായി ഡോ. ജയശങ്കര്‍ അദ്ധ്യക്ഷനായ വിദഗ്ധ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ഈ മാസം പകുതിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ടിക്കറ്റ് അച്ചടി വലിയ സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പാക്കേണ്ടതെങ്ങനെയെന്നത് സംബന്ധിച്ചും ധന വകുപ്പ് വിവരങ്ങളാരാഞ്ഞിട്ടുണ്ട്.നടത്തിപ്പും സുരക്ഷയും കൂടാതെ നറുക്കെടുപ്പ് രീതിയിലും മാറ്റം വരുത്തുന്നതിനാണ് നിലവിലെ ധാരണ.സമ്മാനഘടനയില്‍ മാറ്റം വരുത്തണമെന്ന് ട്രേഡ് യൂണിയനുകളുടെ ഭാഗത്തുനിന്നും വലിയ സമ്മര്‍ദ്ദം സര്‍ക്കാറിന് മുന്നിലുണ്ട്.

കൂടിയ സമ്മാന തുകക്ക് പകരം കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ഭാഗ്യക്കുറി പരിഷ്കരിക്കുന്നതെങ്ങനെയെന്നും ആലോചിക്കും. നോട്ട് നിരോധനം നിലവില്‍ വന്ന ആദ്യ മാസം ലോട്ടറി മേഖല രേഖപ്പെടുത്തിയത് 30 ശതമാനം നെഗറ്റീവ് വളര്‍ച്ചയായിരന്നു. 8447 കോടി രൂപയാണ് ഈ വര്‍ഷം ലോട്ടറി വില്‍പ്പനയിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം.

click me!