
വിവാഹം മുടക്കാനായി പ്രതിശുദ്ധ വരനെ വധുവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലെ രഘുനാഥപള്ളി മണ്ടലിലാണ് സംഭവം.
കൊല്ലപ്പെട്ട യാകയ്യ (30) എന്ന യുവാവും തൊട്ടടുത്ത മധരം എന്ന ഗ്രാമത്തിലെ അരുണ എന്ന യുവതിയുമായുള്ള വിവാഹം ഫെബ്രുവരി 21നാണ് നടക്കേണ്ടിയിരുന്നത്. ഫെബ്രുവരി 18ന് രാത്രി 11.40ഓടെ യാകയ്യ വീടിന് സമീപം ഫോണ്‍ വിളിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെ അജ്ഞാതനായ ഒരാള്‍ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തോളിലും കൈകളിലും ഗുരുതരമായി പരിക്കേറ്റ യാകയ്യയെ വാറങ്കലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പിന്നീട് വിദഗ്ദ ചികിത്സക്കായി ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, ആക്രമണത്തിന് പിന്നില്‍ വധു അരുണയും കാമുകന്‍ അരുരി ബാലസ്വാമിയുമാണെന്ന് കണ്ടെത്തി. ബന്ധുക്കള്‍ കൂടിയായ ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം രണ്ട് പേരും വീടുകളില്‍ അറിയിച്ചിരുന്നില്ല. 15ഓളം വിവാഹാലോചനകള്‍ പല കാരണങ്ങള്‍ പറഞ്ഞ് അരുണ വേണ്ടെന്ന് വെച്ചു. ഇതിനിടെ യാകയ്യയുടെ ആലോചന വന്നപ്പോള്‍ വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. വിവാഹം ഉറപ്പിച്ചെങ്കിലും ഇത് എങ്ങനെ മുടക്കാന്‍ പറ്റുമെന്ന് അരുണയും ബാലസ്വാമിയും ആലോചിച്ചു. ഇതിനായി യാകയ്യയുടെ പിതാവ് സാമുവലിനെ രണ്ട് തവണ ഇയാളും സംഘവും ആക്രമിക്കുകയും ചെയ്തു. വധുവിന്റെ വീട്ടുകാരാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്ന് കരുതി വിവാഹാലോചനയില്‍ നിന്ന് പിന്മാറുമെന്നായിരുന്നു ഇരുവരുടെയും ധാരണയെങ്കിലും അതുണ്ടായില്ല. അരുണയുടെ വീട്ടുകാരെ സംശയിക്കുന്നത് പോയിട്ട് ആക്രമണത്തെപ്പറ്റി പൊലീസില്‍ പരാതി നല്‍കാന്‍ പോലും സാമുവല്‍ തയ്യാറായില്ല. ഇതോടെയാണ് യാകയ്യയെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തത്.
നേരത്തെ രണ്ട് തവണ പിതാവിനെ ആക്രമിച്ചപ്പോഴും തങ്ങളെ ആരും സംശയിക്കാതിരുന്നതിനാല്‍ ഇത്തവണയും രക്ഷപെടാമെന്ന് കരുതിയാണ് കൊലപാതകം പ്ലാന്‍ ചെയ്തതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. സംഭവം നടന്ന ദിവസം ബാലുസ്വാമിയുടെ ഒരു ബന്ധു യാകയ്യയുടെ വീടിന് പുറത്ത് പെട്രോളുമായി കാത്തുനിന്നു. ഈ സമയം അരുണ യാകയ്യയെ ഫോണില്‍ വിളിക്കുകയും റെയ്ഞ്ച് ഇല്ലാത്തത് കൊണ്ട് കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പറയുകയുമായിരുന്നു. യാകയ്യ ഗേറ്റിന് പുറത്തിറങ്ങിയതോടെ ഒളിച്ചിരുന്ന അക്രമി ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ചു. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് ഇയാള്‍ തീ കൊളുത്തിയ ശേഷം കടന്നുകളയുകയും ചെയ്തു.
അന്വേഷണം ആരംഭിച്ച് ഒറ്റ ദിവസത്തിനുള്ളില്‍ തന്നെ പ്രതികളിലേക്ക് എത്തിച്ചേരാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. അരുണയുടെയും ബാലസ്വാമിയുടെയും കോള്‍ ഡേറ്റ പരിശോധിച്ചപ്പോള്‍ ഇരുവരും സംഭവ സമയത്തും ശേഷവും ഏറെ നേരെ പരസ്‌പരം സംസാരിച്ചതായി മനസിലാക്കി. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam