
അഹമ്മദാബാദ്: ഗുജറാത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുടുംബത്തിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ ബാക്കിയാകുന്നു. അഹമ്മദാബാദില്‍ ബുധനാഴ്ചയായിരുന്നു കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 45കാരനായ കുനാല്‍ ത്രിവേദി, ഭാര്യ കവിത, 16കാരിയായ മകള്‍, മകന്‍ എന്നിവരെ അപ്പാര്‍ട്ട്മെന്‍റിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രിവേദിയുടെ മാതാവ് ജശ്രീബെന്‍ ബോധരഹിതയായ നിലയിലായിരുന്നു.
സംഭവത്തില്‍ മരിച്ച കവിതയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ദുരൂഹത വര്‍ധിച്ചിരിക്കുന്നത്. ഭര്‍ത്താവിന്‍റെ മുന്‍ കാമുകിയുടെ പ്രേതം വേട്ടയാടുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ത്രിവേദിയും കുടുംബവും ഫോണ്‍ എടുക്കുന്നില്ലെന്ന് പറഞ്ഞ് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.
വാതില്‍ തകര്‍ത്ത് അകത്തു കടന്ന പൊലീസ് ത്രിവേദിയെ തൂങ്ങി മരിച്ച നിലയിലും കവിതയെയും മക്കളെയും നിലത്ത് മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലുള്ള ജയശ്രീ ബെന്നിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയുടെ ആത്മഹത്യാകുറിപ്പിനു പിന്നാലെ ത്രിവേദയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഞങ്ങളെ ഒരു പ്രേതം വേട്ടയാടുന്നുവെന്നായിരുന്നു എഴുതിയിരുന്നത്.
എല്ലാവരും എന്നെ മദ്യപാനിയെന്ന് വിളിച്ചു. നിയന്ത്രണം വിട്ട് ഞാന്‍ മദ്യപിക്കാറില്ല. ദുരൂഹമായ ഒരു ശക്തി ഞങ്ങളെ പിന്തുടരുന്നുണ്ട്. ആത്മഹത്യയെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. പ്രേതത്തിന്‍റെ സാന്നിധ്യത്തെ കുറിച്ച് അമ്മയോട് ഞാന്‍ പലപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ അമ്മ അത് കേള്‍ക്കാന്‍ തയ്യാറായില്ല. അമ്മ എന്നെ മനസിലാക്കിയിരുന്നെങ്കില്‍ ജീവിതം മറ്റൊന്നാകുമായിരുന്നുവെന്നും ത്രിവേദിയുടെ കുറിപ്പില്‍ പറയുന്നതായി പൊലീസ് പറയുന്നു.
ത്രിവേദി ഭാര്യയേയും മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തതാണോമൂവരും ആത്മഹത്യ ചെയ്തതാണോ എന്ന കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ അയച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാ ഫലവും വരാനുണ്ട്. ഇത് എത്തിയാല്‍ മാത്രമെ ദുരൂഹത നീക്കാന്‍ സാധിക്കുകയുള്ളൂ എന്ന നിലപാടിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam