ഗുൽബർഗ റാഗിങ് കേസ്: നേഴ്സിംഗ് കോളേജിന്‍റെ അംഗീകാരം പോയേക്കും

By Web DeskFirst Published Jun 27, 2016, 12:58 PM IST
Highlights

ബാംഗലൂരു: ഗുൽബർഗ റാഗിങ് കേസിൽ  കോളേജിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ. യുജിസി മാനദണ്ഡങ്ങൾ കോളേജ് ലംഘിച്ചതായാണ് കണ്ടെത്തിയതെന്നും ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ പ്രസിഡന്‍റ് ടി ദിലീപ് കുമാർ ദില്ലിയിൽ പറഞ്ഞു. അതേസമയം കർണാടകം സംസ്ഥാനത്ത് ആന്‍റി റാംഗിങ് സെൽ ഇല്ലാതെ പ്രവർത്തിക്കുന്ന നേഴ്സിംഗ് മെഡിക്കൽ കോളേജുകൾക്കെതിരെ നിയമപരമായി നടപടിയെടുക്കുമെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ ബെംഗളൂരുവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അൽഖമർ നഴ്സിംഗ് കോളേജിന്‍റെ ഭാഗത്ത് ഗുരുതരമായ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ കോളേജിന്‍റെ അംഗീകാരം റദ്ദാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ പ്രസിഡന്‍റ് ടി ദിലീപ് കുമാർ പറഞ്ഞു.യുജിസി മാനദണ്ഡങ്ങൾ കോളേജ് ലംഘിച്ചെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം ദില്ലിയിൽ പ്രതികരിച്ചു.

രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഗുൽബർഗ കേസിൽ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുണ്ട്. അദ്ധ്യാപകർ ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് അനുസരിച്ച് അൽ ഖമാർ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ നടപടിയെടുക്കുമെന്ന് കർണാടകം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ പറഞ്ഞു.സംസ്ഥാനത്ത് ആന്‍റി റാഗിങ് സെൽ ഇല്ലാതെ പ്രവർത്തിക്കുന്ന കോളേജുകൾക്കെതിരെ നിയമപരമായി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ അറസ്റ്റിലായ മൂന്ന് മലയാളി വിദ്യാർത്ഥികൾ ഗുൽബർഗ സെൻട്രൽ ജയിലിലാണ്.ഇവർ സമർപ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച ഗുൽബർഗ സെഷൻസ് കോടതി പരിഗണിക്കാനിരിക്കുകയാണ്.

click me!