നേഹയുടെ മരണം; ട്രനിറ്റി സ്കൂളിലെ പ്രിൻസിപ്പളിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

By Web DeskFirst Published Feb 9, 2018, 8:41 PM IST
Highlights

തിരുവനന്തപുരം: ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ആഘോഷപൂർവ്വം തിരിച്ചെടുത്ത ട്രനിറ്റി സ്കൂളിലെ പ്രിൻസിപ്പളിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പളിന് പ്രായപരിധി കഴിഞ്ഞെന്നും ഡിഡിഇ സ്കൂൾ മാനേജ്മെന്റിന് നൽകിയ നോട്ടീസിൽ പറയുന്നു. 

ഗുരുതര പരാമർശങ്ങളാണ് സ്കൂളിനെതിരെ ഡിഡിഇ ശ്രീകല നടത്തിയിരിക്കുന്നത്. അധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്തത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കൂടാതെ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണിത്. അപക്വമായ ഈ നടപടിക്ക് നേതൃത്വം നൽകിയ പ്രൻസിപ്പാളിനെ പുറത്താക്കണം. കൂടെ ഉണ്ടായിരുന്ന അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്നും ഡിഡിഇയുടെ നോട്ടീസിൽ പറയുന്നു.

ഇക്കാര്യത്തിൽ സ്കൂൾ മാനേജ്‌മെന്റ് നൽകിയ രണ്ട് വിശദീകരണങ്ങളും തൃപ്തികരമല്ലെന്നും  ഡിഡിഇ വ്യക്തമാക്കി. കൂടാതെ ഐസിഎസ്ഇ സ്കൂളുകളിൽ പ്രിൻസിപ്പൾ ആകാനുള്ള പ്രായപരിധി 60 ആണെന്നിരിക്കെ ട്രിനിറ്റി പ്രിൻസിപ്പൽ ഷെവലിയർ ജോണിന് അതിലേറെ പ്രായമുണ്ടെന്നും കണ്ടെത്തലുണ്ട്.

ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നും മുന്നറിയിപ്പുണ്ട്. സംഭവത്തിൽ സ്കൂളിന്‍റെ വിശദീകരണം ലഭ്യമായിട്ടില്ല. അതേസമയം ട്രിനിട്ടി മാനേജ്‌മെന്റിനെതിരെ മുഖ്യമന്ത്രി യെയും ഡിജിപിയെയും  സമീപിക്കുമെന്ന് ഗൗരിയുടെ അച്ഛൻ പ്രസന്നകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!