
ദില്ലി: ബലാത്സംഗക്കേസിൽ ഗുർമീത് സിംഗിനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചതോടെ ഹരിയാനയിലും പഞ്ചാബിലും അതീവ സുരക്ഷ തുടരുന്നു. അനിഷ്ട സംഭവങ്ങളുണ്ടാവാനുള്ള സാധ്യത സർക്കാരുകൾ തള്ളിക്കളയുന്നില്ല. എന്നാൽ പലയിടത്തും നിരോധനാജ്‍ഞ പിൻവലിച്ചു.
ഹരിയാനയിലും പഞ്ചാബിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയും നിരോധനാഞ്ജ പ്രഖ്യാപിച്ചും അതീവ സുരക്ഷയിലാണ് ദേരാ സച്ചാ സൗദാ തലവന ഗുർമീത് റാം റഹിമിനെതിരെയുള്ള വിധി പ്രഖ്യാപിച്ചത്. 20 വർഷം കഠിനതടവിന് ശിക്ഷിച്ചതിന് ഹരിയാനയിൽ രണ്ട് കാറുകൾ കത്തിച്ചതൊഴികെ വലിയ അക്രമ സംഭവങ്ങളൊന്നുമുണ്ടായില്ല.
റോത്തക്കിലെ ജയിലിലെ സെല്ലിൽ 1997 നമ്പര്‍ തടവ് പുള്ളിയായി ഗുർമീത് പ്രവേശിച്ചു. എന്നാൽ ദേരാ സച്ചാ സൗദയുടെ ആസ്ഥാനമായ സിർസയിലടക്കം കർഫ്യൂ ഇന്നും തുടരും. മാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ നരേന്ദ്ര മോദിക്ക് ഗുര്‍മീത് റാം റഹീം സിംഗിന്‍റെ കേസിലെ വിധിക്ക് ശേഷമുള്ള സംഭവ വികാസങ്ങൾ വൻ പ്രതിഛായ നഷ്ടമാണ് ഉണ്ടാക്കിയത്.
അതുകൊണ്ട് തന്നെ ഗുർമീതിനെപ്പോലുള്ളവർക്കെതിരെ ബിജെപി നിലപാട് ശക്തമാക്കിയേക്കും.അതേസമയം ഗുർമീതിന്‍റെ പിൻഗാമിക്കായുള്ള ചർച്ചയും സിർസയിൽ പുരോഗമിക്കുകയാണ്.മകൻ ജസ്മീത് സിംഗിനെക്കാൾ ഗുർമീതിന് താൽപര്യം വളർത്ത് മകൾ ഹണിപ്രീതിനോടാണെന്നാണ് റിപ്പോർട്ടുകൾ.
ഹണിയായിരുന്നു ഗുർമീതിനെ റോത്തക്ക് ജയിലിലെത്തിച്ചവേളയിലൊക്കെ കൂടെത്തന്നെ ഉണ്ടായിരുന്നത്.എന്നാൽ അധികാരത്തിൽ സിരിസയിൽ രണ്ടാമതുള്ള വിപാസന എന്ന സന്യാസിനിക്കും സാധ്യതയുണ്ട്. ഇപ്പോൾ സിർസയിലെ മാനേജ്മെന്‍റ് സംഘത്തെ നയിക്കുന്നതും വിപാസനയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam