എബിവിപിക്കെതിരെ പ്രചാരണം; കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി

By Web DeskFirst Published Feb 27, 2017, 6:27 AM IST
Highlights

ന്യൂഡല്‍ഹി: ഡൽഹി സര്‍വ്വകലാശാലയിൽ എബിവിപിപ്പിക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ച കാര്‍ഗിൽ രക്തസാക്ഷിയുടെ മകൾ ഗുര്‍മേഹര്‍ കൗറിനെതിരെ ബലാത്സംഗ ഭീഷണി. ഫേസ്ബുക്ക് വഴിയാണ് ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിക്ക് ഭീഷണിയുണ്ടായത്. ക്യാന്പസുകളിൽ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനെതിരെ വിദ്യാര്‍ത്ഥികൾ സംഘടിക്കണമെന്നാവശ്യപ്പെട്ട ഗുര്‍മേഹര്‍ കൗറിന്‍റെ പ്രചാരണം വൈറലായിരുന്നു.

ദില്ലി രാംജാസ് കോളേജിൽ ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ നേതാവ് ഒമര്‍ ഖാലിദിനെ സെമിനാറിൽ സംസാരിക്കാൻ അനുവദിക്കാതിരുന്ന എബിവിപിക്കെതിരെയാണ് ദില്ലി ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ത്ഥിനി ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചത്.  സ്റ്റുഡന്‍റ്സ് എഗൈൻസ്റ്റ് എബിവിപി എന്ന ഹാഷ് ടാഗിലൂടെയായിരുന്നു പ്രചാരണം. എബിവിപിയെ ഭയമില്ലെന്നും ഒറ്റയ്ക്കല്ലെന്നുമെഴുതിയ പ്ലക്കാര്‍ഡുമായുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു പ്രതിഷേധം.

ക്യാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്പ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് വിദ്യാര്‍ത്ഥികൾക്കിടയിൽ വൻ പ്രചാരമാണ് കിട്ടിയത്. നാല് ദിവസത്തിനിടെ 3,000 ഷെയറും ആയിരം കമെന്‍റുകളുമാണ് ഗുര്‍മേഹര്‍ കൗറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കിട്ടിയത് . ഇതിന് പിന്നാലെയാണ് ഭീഷണിയെത്തിയതെന്ന് ഗുര്‍മേഹര്‍ കൗര്‍ പറഞ്ഞു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയവര്‍  ദേശവിരുദ്ധയെന്ന് വിളിച്ചെന്നും ഗുര്‍മേഹര്‍ കൗര്‍ വ്യക്തമാക്കി.

എബിവിപിയ്ക്ക് ഭയമാണെന്നും ഗുര്‍മേഹര്‍ പറഞ്ഞു. ആദ്യമായല്ല ഗുര്‍മേഹര്‍ കൗറിന്‍റെ ഫേസ്ബുക്ക് പ്രചാരണം. ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷ സമയത്തും സമാധാനം ആവശ്യപ്പെട്ടുള്ള ഗുര്‍മേഹര്‍ കൗറിന്‍റെ ഫേസ്ബുക്ക്, യൂ ട്യൂബ് സന്ദേശങ്ങളും ഏറെ പ്രചാരം നേടിയിരുന്നു


 

click me!