ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി, വീട്ടുതടങ്കലില്‍ നേരിടേണ്ടിവന്നത് കടുത്ത പീഡനം: ഹാദിയ

By Web DeskFirst Published Feb 20, 2018, 6:20 PM IST
Highlights

ദില്ലി: സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങളുമായി ഹാദിയ. വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ തനിയ്ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയരുന്നതായും തെളിവ് നല്‍കാമെന്ന് പറഞ്ഞിട്ടും കോട്ടയം പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ലെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ബി ബാലഗോപാല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ഡോട്ട് കോമില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സത്യവാങ്മൂലം സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.

താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് തന്നെ കാണാനെത്തിയ രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തന്നെ വീട്ടിലേക്ക് മാറ്റിയതിന് ശേഷം മാതാപിതാക്കളില്‍നിന്ന് നേരിടേണ്ടിവന്നത് കടുത്ത പീഡനങ്ങളാണ്. അമ്മ നല്‍കിയിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. ഒരിക്കല്‍ അമ്മ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അടുക്കളയിലേക്ക് ചെന്നപ്പോള്‍ തനിക്കുള്ള ആഹാരത്തില്‍ അസ്വാഭാവികമായി എന്തോ ചേര്‍ക്കുന്നത് കണ്ടുവെന്നും എന്നാല്‍ താന്‍ പിറകിലുള്ളത് അമ്മ അറിഞ്ഞിരുന്നില്ലെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 

മാതാപിതാക്കള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നതിന് തെളിവുണ്ടെന്ന് അറിയിച്ചിട്ടും കോട്ടയം പൊലീസ് മേധാവി കാണാനെത്തിയില്ല

ഇക്കാര്യം പൊലീസില്‍ അറിയിച്ചിട്ടും തന്റെ ഭാഗം കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അന്ന് മുതല്‍ ഭക്ഷണം സ്വന്തമായി ഉണ്ടാക്കി തുടങ്ങി. തനിക്കെതിരെ ഉണ്ടാകുന്ന കാര്യങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. 

മാതാപിതാക്കള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നതിന് തെളിവുണ്ടെന്ന് അറിയിച്ചിട്ടും കോട്ടയം പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം തന്നെ കാണാന്‍ എത്തിയില്ല. മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. വെള്ളം പോലും കുടിച്ചില്ല. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എത്തി പൊലീസ് മേധാവി തന്നെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചില്ലെന്നും ഹാദിയ. 

രാഹുല്‍ ഈശ്വര്‍ തന്റെ ഫോട്ടോയും ചിത്രങ്ങളും പകര്‍ത്തിയത് അനവുമതിയില്ലാതെ

റംസാന്‍ വ്രതവും നിരാഹാരവും തന്റെ ആരോഗ്യനില മോശമാക്കിയതോടെ ഒരു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴും പൊലീസ് മേധാവി തെളിവ് പരിശോധിക്കാനോ തന്നെ സന്ദര്‍ശിക്കാനോ എത്തിയില്ല. രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ കാണാന്‍ വരികയും ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എപ്പോള്‍ വേണമെങ്കിലും താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് രാഹുല്‍ ഇൗശ്വരിനെ അറിയിച്ചിരുന്നു.
 

താന്‍ മരിച്ചാല്‍ തന്റെ ശിരോവസ്ത്രം നീക്കി ഹിന്ദുമതത്തിലേക്ക് മാറിയതായി മാതാപിതാക്കള്‍ അവകാശപ്പെടുമെന്നും രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നു. താന്‍ മരിച്ചാല്‍ ഇസ്ലാം മതാചാരപ്രകാരമുള്ള ചടങ്ങുകളാണ് നടത്തേണ്ടതെന്നും ഹാദിയ രാഹുലിനോട് അറിയിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു. രാഹുല്‍ ഈശ്വര്‍ തന്റെ ഫോട്ടോയും ചിത്രങ്ങളും പകര്‍ത്തിയത് അനുമതിയില്ലാതെയാണ്. അയാള്‍ ചിത്രമെടുക്കുമ്പോള്‍ അച്ഛനും പൊലീസുകാരും നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ ഹാദിയ വ്യക്തമാക്കുന്നു. 
 

click me!