ഷെഫിന്‍ ജഹാന് എന്‍.ഐ.എ തീവ്രവാദ ബന്ധം ചുമത്തിയ ആളുമായി ബന്ധം; ഹാദിയയുടെ അച്ഛന്‍

By Web DeskFirst Published Oct 28, 2017, 2:47 PM IST
Highlights

ദില്ലി: എന്‍.ഐ.എ തീവ്രവാദ ബന്ധം ചുമത്തിയ മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഹാദിയ കേസിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തുന്ന പണപ്പിരിവിനെ കുറിച്ചുള്ള രേഖകളും അശോകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സീല്‍വെച്ച കവറില്‍ എന്‍.ഐ.എയും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്.

ഹാദിയ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഷെഫിന്‍ ജഹാനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍ സമീപിച്ചത്. കേസില്‍ ഹര്‍ജി നല്‍കിയ ഷെഫിന്‍ ജഹാന് എന്‍.ഐ.എ തീവ്രവാദ ബന്ധം ചുമത്തിയ മന്‍സി ബുറാക്കുമായി ബന്ധമുണ്ട്. ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളും അശോന്‍ കോടതിയില്‍ സമര്‍പ്പിച്ചു. 

ഹാദിയ കേസിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് വലിയ പണപ്പിരിവാണ് നടത്തുന്നത്. ഇതുവരെ 80 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തുവെന്നും അശോകന്റെ അപേക്ഷയില്‍ പറയുന്നു. കേസിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സീല്‍വെച്ച കവറില്‍ എന്‍.ഐ.എയും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇതെല്ലാം വരുന്ന തിങ്കളാഴ്ച സുപ്രീംകോടതി പരിശോധിക്കും. 

5ഹാദിയ കേസില്‍ വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കാനായി അമിക്കസ്‌ക്യൂറിയെ നിയമിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഒരുപക്ഷെ കോടതി തിങ്കളാഴ്ച എടുത്തേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അതേകുറിച്ചുള്ള സൂചനകള്‍ കോടതി നല്‍കിയിരുന്നു.

click me!