ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര തുടങ്ങി; തിരികെ പോവാത്തവര്‍ക്കെതിരെ നടപടി

Published : Sep 17, 2016, 08:20 PM ISTUpdated : Oct 04, 2018, 05:22 PM IST
ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര തുടങ്ങി; തിരികെ പോവാത്തവര്‍ക്കെതിരെ നടപടി

Synopsis

ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങുന്നത് നിയമ ലംഘനമാണെന്നും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും സൗദി ജവാസാത്ത് അഥവാ പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. തീര്‍ഥാടകര്‍ സൗദിയില്‍ ജോലി ചെയ്യാനോ ജിദ്ദ, മക്ക, മദീനാ എന്നീ നഗരങ്ങള്‍ക്ക് പുറത്ത് പോകാനോ പാടില്ല. നിയമലംഘനത്തിന് തീര്‍ഥാടകരെ സഹായിക്കുന്നതും കുറ്റകരമാണെന്ന് ജവാസാത്ത് അറിയിച്ചു. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. ജിദ്ദയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ആദ്യ സംഘം പുറപ്പെട്ടു. ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ പത്ത് വരെ തുടരും. 

മദീനയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഈ മാസം 29 മുതല്‍ ഒക്ടോബര്‍ 16 വരെയാണ്. ഈ വര്‍ഷം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി 99,904 തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. അനുമതി ലഭിച്ച 1,00,020 തീര്‍ഥാടകരില്‍ ബാക്കിയുള്ളവര്‍ പല കാരണങ്ങളാല്‍ യാത്ര റദ്ദാക്കി. ജിദ്ദ വഴി 52,734 തീര്‍ഥാടകരും മദീന വഴി 47,170 തീര്‍ഥാടകരും നാട്ടിലേക്ക് മടങ്ങും. എയര്‍ ഇന്ത്യ, സൗദിയ, നാസ് എയര്‍, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്. 471 സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 36,000 തീര്‍ഥാടകരും  ഇത്തവണ ഹജ്ജ് നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി തീര്‍ഥാടകര്‍ക്ക് താമസിക്കാനായി മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള അസീസിയ കാറ്റഗറിയില്‍ 214ഉം പള്ളിയുടെ ഒന്നര കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ഗ്രീന്‍ കാറ്റഗറിയില്‍ 92ഉം കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തു. നവജാത ശിശുക്കള്‍ മുതല്‍ 104 വയസായ രാജസ്ഥാന്‍കാരന്‍ ഭൂരെ ഖാന്‍ വരെ തീര്‍ഥാടകരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എഴുപത് വയസിനു മുകളില്‍ പ്രായമുള്ള തീര്‍ഥാടകര്‍ക്ക് ഹറം പള്ളിക്ക് സമീപത്തുള്ള കെട്ടിടങ്ങള്‍ ലഭ്യമാക്കുകയും പ്രത്യേക ആരോഗ്യ പരിചരണം ഉറപ്പ് വരുത്തുകയും ചെയ്തതായി ഹജ്ജ് മിഷന്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എല്ലാ ഒരുക്കങ്ങളും തയ്യാർ! തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം
കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണക്കേസ്; അനീഷ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇഡി