
മോസ്കോ: ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ആക്രമണങ്ങളെ ധീരതയോടെ പ്രതിരോധിച്ച ഐസ്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാന്നസ് ഹാല്‍ഡോര്‍സണ്‍ പ്രാഗത്ഭ്യം തെളിയിച്ച മറ്റൊരു മേഖല കൂടിയുണ്ട്. പരസ്യ നിര്‍മ്മാണ മേഖലയാണത്. ഇത്തരത്തിലൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ പൊതുവേ ആരുടെയും നെറ്റി ചുളിഞ്ഞേക്കാം. എന്നാല്‍ ഐസ്‍ലന്‍ഡുകാര്‍ക്ക് ഈ വാര്‍ത്ത അത്ര പുതുമയുളള ഒന്നാവില്ല, കാരണം ഐസ്‍ലന്‍റില്‍ കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ വലിയ ശതമാനവും മറ്റ് തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരാണ്.
ഹാന്നസും അവരില്‍ ഒരാളാണ്. പരസ്യ നിര്‍മ്മാണ- സംവിധാന മേഖലയിലാണ് ഹാന്നീസ് പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നത്. ഈ ലോകകപ്പ് ഐസ്‍ലന്‍റില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അദ്ദേഹം തയ്യാറാക്കിയ പരസ്യവും അതിനൊപ്പം പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. റഷ്യന്‍ ലോകകപ്പിനായുളള കൊക്കക്കോളയുടെ പരസ്യം തയ്യാറാക്കിയിരിക്കുന്നത് ഹാന്നസാണ്.
പരസ്യത്തിലൂടെ ഐസ്‍ലന്‍ഡിലെ കായിക മേഖലയുടെ കരുത്ത് വിളിച്ചോതുന്നതിനൊപ്പം. താരങ്ങള്‍ തങ്ങളുടെ കായിക ഇനത്തിനുപരിയായി സജീവമായി ചെയ്യാറുളള വ്യത്യസ്ത തൊഴിലുകളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു. കായിക ഇനങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു ജനതയെയും അതിന്‍റെ വളര്‍ച്ചയ്ക്കായി പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതുന്ന ഐസ്‍ലന്‍റ് കായിക താരങ്ങളെയും 1.42 മിനിറ്റ് നീളമുളള പരസ്യത്തില്‍ കാണാം.
പലകാരണങ്ങള്‍ കൊണ്ടും വ്യത്യസ്തരാണ് ലോകകപ്പിലെത്തിയ ഐസ്‍ലന്‍ഡ് ഫുട്ബോള്‍ ടീം. ലോകകപ്പിലെത്തുന്ന ചെറിയ രാജ്യം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ താപനില ക്രമീകരിച്ച സ്റ്റേഡിയങ്ങളില്‍ പരിശീലിച്ച് ലോക പോരാട്ട വേദിയിലെത്തിയവര്‍. ഫുട്ബോളിനോടൊപ്പം മറ്റ് പ്രഫഷനുകളിലും സജീവമായി നില്‍ക്കുന്നവര്‍ കൂടുതലുളള ദേശീയ ടീം. പ്രത്യേകതകളുടെ വലിയ പട്ടിക ഇങ്ങനെ നീണ്ടുപോകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam