
മാന്‍സ: ഗുജറാത്തിൽ ബിജെപിയെ വെല്ലുവിളിച്ച് ഹാർദിക് പട്ടേലിന്റെ കൂറ്റൻ സമ്മേളനം. തനിക്കെതിരെ അശ്ലീല സിഡി ഇറക്കുന്നതിന് പകരം രാഷ്ട്രീയം പറഞ്ഞ് വോട്ട്ചോദിക്കാൻ ബിജെപി തയ്യാറുണ്ടോയെന്ന് ഹാർദിക് ചോദിച്ചു. ഹാർദികിന് മറുപടിയായി പാട്ടിദാർ സങ്കലൻ സമിതിയെന്ന പേരിൽ ബിജെപി പുതിയൊരു സംഘടനയുണ്ടാക്കി.
ഒരു പയ്യന്റെ വ്യാജ അശ്ളീല സീഡിയല്ല, 22 വർഷത്തെ ഭരണത്തെക്കുറിച്ചുള്ള സിഡിയാണ് ജനങ്ങൾ ചോദിക്കുന്നതെന്ന് ഹാർദിക് പട്ടേൽ പറഞ്ഞു. പൊലീസ് അനുമതി നിഷേധിച്ചിട്ടും അമിത് ഷായുടെ തട്ടകമായ മാൻസയിൽ ഹാർദിക് പട്ടേൽ കൂറ്റൻ സമ്മേളനം നടത്തി. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ബിജെപിയെ മാത്രമാണ് ഹാർദിക് കടന്നാക്രമിച്ചത്. കാര്യം നേടാനായി ബിജെപി എന്തും ചെയ്യും. നാളെ ദാവൂദ് ഇബ്രാഹീം ബിജെപിയിൽ ചേരുകയാണെങ്കിൽ മുംബൈസ്ഫോടനത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അവരെല്ലാം ചിക്കൻഗുനിയ വന്ന് മരിച്ചതാണെന്നുവരെ ബിജെപി പറഞ്ഞു കളയുമെന്ന് ഹാർദിക് പരിഹസിച്ചു.
അറുപത് സീറ്റിൽകൂടുതൽ ബിജെപി നേടില്ലെന്നും ഹാർദിക് പറഞ്ഞു. അതേസമയം പട്ടേൽ സങ്കലൻ സമിതിയെന്ന പേരിൽ പാട്ടിദാർമാരുടെ സഘടനയുണ്ടാക്കിയാണ് ബിജെപി മറതന്ത്രം പയറ്റുന്നത്. ഹാർദികുമായി തെറ്റി ബിജെപിയിൽ ചേർന്നവരാണ് സംഘടനയുടെ നേതാക്കൾ. 70പേരുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ 36 സ്ഥാനാർത്ഥികളെകൂടി ബിജെപി പ്രഖ്യാപിച്ചു. സർക്കാരുമായി ഇടഞ്ഞുനിൽകുന്ന പട്ടേൽ ഒബിസി വിഭാഗത്തിൽ പെട്ടവർക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള പട്ടികയാണ് ബിജെപി ഇറക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam