ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് തുറന്ന് പറഞ്ഞ് മുന്‍ ബിജെപി മുഖ്യമന്ത്രി

By web deskFirst Published Nov 19, 2017, 7:54 AM IST
Highlights

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയ്ക്കെതിരെ തുറന്നടിച്ച് ബിജെപി മുന്‍മുഖ്യമന്ത്രി സുരേഷ് മെഹ്ത. ഗുജറാത്തിൽ പതിറ്റാണ്ടായി നടത്തുന്ന ഏകാധിപത്യ ഭരണമാണ് പ്രധാനമന്ത്രി ആയപ്പോഴും മോദി തുടരുന്നതെന്നും  2002ലെ ഗോദ്ര ട്രെയിൻ കത്തിക്കലിനെ കലാപമാക്കി വളർത്തിയെടുക്കാൻ ആസൂത്രിത പ്രചാരണം അഴിച്ചുവിട്ടത് മോദിയാണെന്നും സുരേഷ് മേഹ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആളുകളെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തിയതിൽ മോദിക്ക് പങ്കുണ്ട്. ഏത് വാചകങ്ങൾ ഏത് അർത്ഥത്തിൽ എപ്പോൾ പ്രയോഗിക്കണമെന്ന് മോദിക്ക് നന്നായി അറിയാം. മോദി ഏകാധിപതിയാണ്. എതിർക്കുന്നവരെ അദ്ദേഹം അധികാരം ഉപയോഗിച്ച് അടിച്ചമർത്തും.  ഗുജറാത്തിൽ വികസനമാതൃക പൊള്ളയാണെന്നാരോപിച്ച് ഈതെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനമൊട്ടാകെ സേവ് ഡെമോക്രസിയെന്നപേരിൽ പ്രചാരണം നടത്തുകയാണ് മെഹ്ത. 

അഹമ്മദാബാദിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പതിനഞ്ച് കൊല്ലം മുൻപ് ആയിരത്തിലേറെപേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്കിനെക്കുറിച്ച് മെഹ്ത തുറന്നു പറഞ്ഞു. അന്ന് ക്രമസമാധാനം നിയന്ത്രിക്കാൻ മോദിക്കായില്ലേ എന്ന ചോദ്യത്തിന്, എതിർക്കുന്നവരെ നിശബ്ദരാക്കാൻ മോദിക്ക് ആരെക്കാളും മിടുക്കുണ്ടെന്നായിരുന്നു മറുപടി. മുൻമുഖ്യമന്ത്രി ശങ്കർസിംഗ് വകേല കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയുണ്ടാക്കി മത്സരിക്കുന്നതിനെ ആത്മഹത്യാപരമാണെന്നും  ഈ പഴയ സഹപ്രവർത്തകൻ വിശേഷിപ്പിച്ചു. 

2002ൽ മോദി സർക്കാരിൽ മന്ത്രിയായിരുന്നു സുരേഷ് മേഹ്ത. ഗുജറാത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2007ലാണ് മോദിയോട് കലഹിച്ച് ബിജെപി വിട്ടത്. 

click me!