ഹരിപ്പാട് മെഡ‍ിക്കല്‍ കോളേജ്: നിര്‍മ്മാണവും പദ്ധതിയും സ്തംഭിച്ചു

By Web DeskFirst Published Mar 5, 2017, 6:14 AM IST
Highlights

ഹരിപ്പാട്: വിവാദത്തിലായ ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൂര്‍ണ്ണമായും നിലച്ചു. ഭൂമി ഏറ്റെടുക്കുന്നതും നിര്‍ത്തി. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിമാന പദ്ധതി ഈ സര്‍ക്കാരിന്‍റെ കാലത്ത് യാഥാര്‍ത്ഥ്യമാവില്ലെന്നുറപ്പായി. നബാര്‍ഡില്‍ നിന്ന് വായ്പ എടുത്ത് നല്‍കില്ലെന്ന ധനമന്ത്രിയും ഇങ്ങനെയൊരു സ്വകാര്യ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് മന്ത്രി ജി സുധാകരനും നിലപാടെടുത്തതോടെ പദ്ധതി താളം തെറ്റുകയായിരുന്നു. ഹരിപ്പാട് മെ‍ഡിക്കല്‍ കോളേജ് ഇപ്പോള്‍ തുടങ്ങേണ്ടതില്ലെന്നായിരുന്നു ആരോഗ്യസെക്രട്ടറിയുടെയും റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ്ന്യൂസ് എസ്ക്ല്യുസ്ലീവ്.

ഹരിപ്പാട് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അഭിമാനപദ്ധതിയായ ഹരിപ്പാട് മെ‍ഡിക്കല്‍ കോളേജ് പദ്ധതി നിര്‍മ്മാണം തുടങ്ങും മുമ്പു തന്നെ സ്തംഭിച്ചു. നേരത്തെ തന്നെ വിവാദത്തിലായ മെഡിക്കല്‍ കോളേജ്. പൊതു–സ്വകാര്യ സംരംഭമെന്നാണ് യുഡിഎഫും രമേശ് ചെന്നിത്തലയും പറഞ്ഞതെങ്കിലും അതായിരുന്നില്ല വസ്തുത. ഹരിപ്പാട് മെഡിക്കല്‍ കോളേജില്‍ സംസ്ഥാനസര്‍ക്കാരിനുള്ള ഓഹരി വെറും 26ശതമാനം മാത്രം. 

25 കോടി രൂപ ചെലവിട്ട് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിക്കൊടുക്കുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തികളാണ് മെഡിക്കല്‍ കോളേജ് പണിയുക.  പക്ഷേ 500 കിടക്കകളുള്ള ആശുപത്രി കെട്ടിടം നബാര്‍ഡില്‍ നിന്ന് 300 കോടി രൂപ വായ്പയെടുത്ത് സര്‍ക്കാര്‍ നിര്‍മിച്ച്  നല്‍കണം. പക്ഷേ നടത്തിപ്പില്‍ സര്‍ക്കാരിന് പങ്കില്ല.  ഈ വായ്പ എടുത്ത് നല്‍കാന്‍ കഴിയില്ലെന്ന് ധനമന്ത്രിയായി ചുമതല ഏറ്റെടുത്ത സമയത്ത് തന്നെ ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

തൊട്ടടുത്ത് ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തിക്കുമ്പോള്‍ ഹരിപ്പാട് മെഡിക്കല്‍ കോളേജ് വേണ്ടതില്ലെന്ന നിലപാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും കൂടി എടുത്തതോടെ പദ്ധതിയുടെ മുന്നോട്ട് പോക്ക് തന്നെ പൂര്‍ണ്ണമായും നിലച്ചു. പദ്ധതി തുടങ്ങും മുമ്പു തന്നെ കണ്‍സള്‍ട്ടന്‍സി കരാറില്‍ അഴിമതി നടന്നെന്ന വാര്‍ത്ത പുറത്തുവന്നു. പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ പ്രതിയാക്കി കേസെടുത്ത് വിജിലന്‍സ് അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. 

അതിനിടയിലാണ് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അന്വേഷണം നടത്തി ഇങ്ങനെയൊരു മെഡിക്കല്‍ കോളേജിന്‍റെ ആവശ്യം ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ആരോഗ്യ വകുപ്പ് സെക്രട്ടറി ആരോഗ്യമന്ത്രിക്ക് കൈമാറിയ ഫയല്‍ ഇക്കഴിഞ്ഞ ആഗസ്ത് രണ്ടിന് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയാണ് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.


പുതിയ സര്‍ക്കാര്‍ വന്ന ശേഷം ഒന്നും നടന്നില്ല
ആലപ്പുഴയിലെ സിപിഎം മന്ത്രിമാരുടെ എതിര്‍പ്പ്
അഴിമതി പദ്ധതിയെന്ന ആരോപണം
 

click me!