
ദില്ലി: ഹര്‍ജിത് മസിഹ് വെളിപ്പെടുത്തിയത് ഇത്രകാലവും ആരും വിശ്വസിച്ചില്ല, രാജ്യത്തെ സര്‍ക്കാര്‍ തന്നെ ആ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഇന്ത്യക്കാരായ 39 പേര്‍ ഐഎസ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രഖ്യാപിച്ചപ്പോള്‍, പച്ചക്കള്ളമെന്ന് പറഞ്ഞ് സര്‍ക്കാര്‍ തള്ളിപ്പറഞ്ഞ ഹര്‍ജിതിന്‍റെ വാക്കുകളാണ് യാഥാര്‍ത്ഥ്യമെന്ന് ലോകം മനസിലാക്കി.
പഞ്ചാബിലെ ഗുള്‍ദാസ്പുരാണ് ഹര്‍ജിതിന്‍റെ സ്വദേശം. നാലംഗ കുടുംബത്തിലെ ഏക ആശ്രയം ഹര്‍ജിത് ആയിരുന്നു. കുടുംബം പുലര്‍ത്താന്‍ പ്രവാസം തിരഞ്ഞെടുത്ത ഹര്‍ജിത്,മൊസൂളിലെ ഫാക്ടറിയില്‍ ജോലി ചെയ്തു കുടുംബം പുലര്‍ത്തി. 2014 മെയ് മാസത്തിലാണ് ഹര്‍ജിത്തിന്‍റെ ജീവിതം തകിടം മറിച്ച സംഭവം അരങ്ങേറുന്നത്.ഐ.എസ് ഭീകരര്‍ മൊസൂള്‍ പട്ടണം അന്ന് കീഴടക്കി. വൈകാതെ ഹര്‍ജിതും കൂട്ടരും ജോലി ചെയ്തിരുന്ന ഫാക്ടറിയും ഭീകരുടെ കയ്യിലായി. തൊഴിലാളികളെ എല്ലാം ബന്ദികളാക്കി.
പിന്നീട് അജ്ഞാതമായ ഒരു സ്ഥലത്ത് അവരെ പാര്‍പ്പിച്ചു. തുടര്‍ന്ന് മുട്ടുകുത്തിനില്‍ക്കാന്‍ അവര്‍ ആജ്ഞാപിച്ചു. എല്ലാവരേയും നിരത്തി നിര്‍ത്തി അവര്‍ വെടിവച്ചു. വലതു കാലില്‍ വെടികൊണ്ട തന്നെയും രക്തമൊലിച്ച് ജീവനറ്റു കിടന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം തള്ളി അവര്‍ കടന്നുപോയി. അബോധാവസ്ഥയില്‍ ആയിരുന്നു താനപ്പോള്‍. പിറ്റേന്ന് ബോധം തിരിച്ചുകിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം കൊല്ലപ്പെട്ടു എന്ന യഥാര്‍ത്ഥ്യം താന്‍ തിരിച്ചറിഞ്ഞു ഹര്‍ജിത് പറയുന്നു.
ദിവസങ്ങള്‍ മരുപ്രദേശത്തുകൂടി നടത്തിയ ദുരിത യാത്രയ്ക്ക് ശേഷമാണ് ബംഗ്ലാദേശി ദുരിതാശ്വാസ ക്യാംപില്‍ എത്തപ്പെട്ടു. അവര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോരുകയായിരുന്നുവെന്നും ഹര്‍ജിത് പറഞ്ഞു. 2017ല്‍ ഒരു ദേശീയ ദിനപത്രത്തിനാണ് ഹര്‍ജിത് തന്‍റെ അനുഭവം വിവരിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റ് 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു എന്ന ഹര്‍ജിത്തിന്‍റെ വാക്കുകള്‍ സര്‍ക്കാര്‍ വിശ്വസിച്ചില്ല.
ബംഗ്ലാദേശികള്‍ക്കൊപ്പം ഭക്ഷണം വിതരണം ചെയ്യാന്‍ എത്തുന്നവരുടെ സഹായത്തോടെ അലി എന്ന വ്യാജപേരിലാണ് രക്ഷപ്പെട്ടതെന്ന് ഹര്‍ജിത് പറഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് അന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പാര്‍ലമെന്‍റില്‍ പറഞ്ഞത്. ഹര്‍ജിതിന്‍റെ തൊഴിലുടമയും ഭക്ഷണ വിതരണം ചെയ്യുന്നവരും സഹായിച്ചിരിക്കാമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഹര്‍ജിത്തിന്‍റെ വാക്കുകള്‍ ലോകം വിശ്വസിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam