സംസ്ഥാനത്ത് അക്രമം തുടരുന്നു; ഇതുവരെ അറസ്റ്റിലായത് 1369 പേര്‍

By Web TeamFirst Published Jan 4, 2019, 1:23 PM IST
Highlights

 അടൂരിലും തിരുവനന്തപുരത്തും ബിജെപി- സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചു. ഇന്നലത്തെ ഹര്‍ത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1369 പേര്‍ അറസ്റ്റില്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക അക്രമം തുടരുന്നു. അടൂരിലും തിരുവനന്തപുരത്തും ബിജെപി- സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചു. ഇന്നലത്തെ ഹര്‍ത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1369 പേര്‍ അറസ്റ്റിലായി. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 717 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ  വരെയുളള കണക്കാണിതെന്ന് ഡിജിപി അറിയിച്ചു. 

 ഇന്നലെ വ്യാപക അക്രമം നടന്ന പാലക്കാടും മഞ്ചേശ്വരവും ഇന്ന് ശാന്തമാണ്. ഇരു സ്ഥലങ്ങളിലും വൈകുന്നേരം വരെ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹനഗതാഗതവും ജനജീവിതവും സാധാരണനിലയിലെത്തിയിട്ടുണ്ട്. പാലക്കാട് 81 പേരെ കരുതൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമത്തിൽ തകർന്ന സിപിഐ ഓഫീസ് മന്ത്രി കെ രാജു ഉച്ചയ്ക്ക് സന്ദർശിക്കും. ആറുമണിക്ക് ശേഷം പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ വ്യാപക അക്രമം നടന്ന കോഴിക്കോട് പേരാമ്പ്രയില്‍ അഞ്ച് ദിവസത്തേക്ക് കളക്ടർ നിരോധനാജഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്‍റെ മറ്റിടങ്ങളിൽ നേരിയ തോതിലുള്ള അക്രമങ്ങൾ ഇന്നും അരങങ്ങേറി.

കണ്ണൂർ പുതിയതെരുവിൽ ഇന്ന് പുലർച്ചെ ബിജെപി ഓഫീസിന് തീയിട്ടു. ഓഫീസിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന ഒരാൾക്ക് തീവെപ്പിൽ പൊള്ളലേറ്റു. മൂപ്പൻ പാറ സ്വദേശിയായ സുരേഷ് എന്നയാളെ തീപ്പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മിഠായിത്തെരുവിൽ രണ്ട് കടകൾക്ക് തീയിടാനും ഇന്ന് രാവിലെ ശ്രമം നടന്നു.

മലബാർ ദേവസ്വം ബോർഡംഗം കെ ശശികുമാറിന്റെ കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിന് നേരെ ഇന്നലെ രാത്രി ബോംബേറുണ്ടായി. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അടൂരിലും വിവിധ ഇടയങ്ങളിൽ ഇന്ന് അക്രമം നടന്നു. അടൂർ ടൗണിൽ കടയ്ക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു.

വടക്കടത്ത് കാവ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റി.ഡി ‍‍‍‍ബൈജു , അനുജൻ ഏറത്ത് ഗ്രാമ പഞ്ചായത്തംഗം റ്റി.ഡി സജി എന്നിവരുടെ വീടുകൾ ബൈക്കിലെത്തിയ മുപ്പതംഗ സംഘം അടിച്ചുതകർത്തു. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. വീടിന്‍റെ വാതിലുകൾ മഴു ഉപയോഗിച്ച് വെട്ടിപൊളിച്ചു.

തിരുവനന്തപുരം ജില്ലയില വിവിധ ഇടങ്ങളിലും ഇന്നലെ രാത്രിയും ഇന്ന് പുർച്ചെയും അങ്ങിങ്ങ് അക്രമം നടന്നു. നെയ്യാറ്റിൻകര സി പി എം ഏര്യാ കമ്മിറ്റി ഓഫീസിനു നേരെ പെട്രോൾ ബോംബേറ് ഉണ്ടായി. വലിയ മലയിൽ സിപിഎം ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രം നടന്നു. നെടുമങ്ങാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരി കേശന്‍റെ വീട് തകർത്തു. നെടുമങ്ങാട് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പൊലീസ് നടത്തിയ തെരച്ചിലിൽ മലയിൻകീഴ് സരസ്വതി വിദ്യാലയത്തിനുള്ളിൽ നിന്നു 3 നാടൻ ബോംബുകൾ കണ്ടെടുത്തു. കൈയിലിരുന്ന ബോംബ് പൊട്ടി പരിക്കേറ്റ പളളിച്ചൽ ഇടക്കോട് സ്വദേശിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ആകാശ് രവീന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിലാണ്.

തൃശ്ശൂർ വാടാനപ്പള്ളിയിൽ മൂന്ന് ബിജെപി പ്രവർത്തകരെ കുത്തിയ കേസിൽ 4 എസ്ഡിപിഐ പ്രവർത്തക പിടിയിലായി. വാടാപ്പള്ളി സ്വദേശികളായ ഫൈസൽ, മൊയ്നുദ്ദീൻ, കാട്ടൂർ സ്വദേശി നവാബ് , ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങലും കണ്ടെടുത്തു.

click me!