
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യത്തെ ഹര്‍ത്താല്‍ ആരംഭിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതോടെ ആചാരലംഘനമുണ്ടായതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി അക്രമങ്ങളുണ്ടായ സാഹചര്യത്തില്‍ പൊലീസ് കനത്ത ജാഗ്രതയാണ് പാലിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തിലുണ്ടാവുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇന്നലെ ചീഫ് സെക്രട്ടറിയുടേയും സംസ്ഥാന പൊലീസ് മേധാവിയുടേയും അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതലയോഗത്തിലുണ്ടായ തീരുമാനം.
പതിനാല് ജില്ലകളിലേയും ജില്ലാ കളക്ടര്‍മാരും പൊലീസ് മേധാവിമാരും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന ഇന്‍റലിജന്‍സിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തരസാഹചര്യമുണ്ടായാല്‍ നേരിടാനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷമൊഴിവാക്കാന്‍ കടുത്ത നടപടികള്‍ വേണ്ടി വന്നാല്‍ ഇതിനായുള്ള ഉത്തരവിടാനാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ഇറക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ഇന്നത്തെ ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിപ്പിക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെങ്കില്‍ അതിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് സിപിഎം ശ്രമം. ഇന്നലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിപിഎം-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഈ സംഘര്‍ഷം ഇന്നും തുടര്‍ന്നേക്കാം എന്ന ആശങ്ക പൊലീസിനുണ്ട്. കേരള വ്യാപാരി വ്യവസായി എകോപനസമിതി, വ്യാപാരി സംസ്ഥാന സമിതി, ചേംബര്‍ ഓഫ് കൊമേഴ്സുകള്‍ തുടങ്ങി 96-ഓളം സംഘടനകള്‍ ഇന്നത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെ മാത്രം എണ്‍പതോളം കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നലെ തന്നെ സര്‍വീസുകള്‍ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ അഞ്ചാമത്തേയും ഈ വര്‍ഷത്തെ ആദ്യത്തേയും ഹര്‍ത്താലാണ് ഇന്നത്തേത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam