ആലപ്പുഴ കളക്ടര്‍ക്ക് കാര്യപ്രാപ്തി ഇല്ലെന്ന് ഹൈക്കോടതി

By Web DeskFirst Published Mar 2, 2018, 12:26 PM IST
Highlights
  • ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള വലിയകുളം-സീറോജെട്ടി റോഡിനായി തണ്ണീര്‍തട്ടം മണ്ണിട്ട് നികുത്തിയ സംഭവത്തില്‍  റിസോര്‍ട്ടിന്റെ ഉടമസ്ഥരായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്ക്  ജില്ലാ കളക്ടര്‍ ടി.വി.അനുപമ നോട്ടീസ് നല്‍കിയിരുന്നു

കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് തണ്ണീര്‍ത്തടം നികത്തി റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസിലെ നടപടിക്രമങ്ങള്‍ തെറ്റിയതാണ് കളക്ടര്‍ക്ക് കോടതിയുടെ ശകാരമേല്‍ക്കാന്‍ കാരണമായത്. 

ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള വലിയകുളം-സീറോജെട്ടി റോഡിനായി തണ്ണീര്‍തട്ടം മണ്ണിട്ട് നികുത്തിയ സംഭവത്തില്‍  റിസോര്‍ട്ടിന്റെ ഉടമസ്ഥരായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്ക്  ജില്ലാ കളക്ടര്‍ ടി.വി.അനുപമ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിലെ സര്‍വ്വേ നമ്പര്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കമ്പനി കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് കളക്ടര്‍ സര്‍വ്വേ നമ്പര്‍ തിരുത്തി  മറ്റൊരു നോട്ടീസ് അയച്ചു. എന്നാല്‍ ഈ നോട്ടീസിലും സര്‍വ്വേ നമ്പര്‍ തെറ്റിയതാണ് പ്രശ്‌നമായത്. 

ഇന്ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ രണ്ടാമത്തെ നോട്ടീസിലും സര്‍വ്വേ നമ്പര്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നും അതിനാല്‍ പുതുക്കിയ നോട്ടീസ് അയക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു ഇതോടെയാണ് കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമുണ്ടായത്. 

ജില്ലാ കളക്ടര്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും എന്തു കൊണ്ടാണ് ഇങ്ങനെ തുടര്‍ച്ചയായി വീഴ്ച്ച സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു. ആദ്യത്തെ പ്രാവശ്യം തെറ്റുപറ്റിയത് മനസ്സിലാക്കാം വീണ്ടും വീണ്ടും തെറ്റു പറ്റുന്നത് എങ്ങനെയാണെന്നും ഇത് കളക്ടറുടെ കാര്യപ്രാപതി ഇല്ലായ്മയാണ് കാണിക്കുന്നതെന്നും കോടതി പറഞ്ഞു. ഇങ്ങനെ തെറ്റുവരുത്താന്‍ ജില്ലാ കളക്ടര്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണോയെന്നും കോടതി ചോദിച്ചു. കടുത്ത വിമര്‍ശനത്തിനൊടുവില്‍ കളക്ടര്‍ അയച്ച രണ്ട് നോട്ടീസുകളും കോടതി റദ്ദാക്കി. നടപടി ക്രമങ്ങള്‍ പാലിച്ച് ഹര്‍ജികാര്‍ക്ക് വീണ്ടും നോട്ടീസ് അയക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
 

click me!