
തിരുവനന്തപുരം: നിപ വൈറസുമായി ബന്ധപ്പെട്ട പോസ്‌റ്റ് വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് കേരള സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ഫെയ്സ്‌ബുക്ക് പേജ്. പുതിയ നിപ ബാധിതരില്ലെന്നും പ്രാര്‍ത്ഥനകള്‍ ഫലിച്ചുവെന്നും അറിയിച്ചുകൊണ്ടുള്ള പോസ്‌റ്റ് ഇന്നലെയാണ് പേജില്‍ നല്‍കിയത്. നിപയില്‍ കൃത്യമായ ചികിത്സകള്‍ എടുക്കണമെന്നും മറ്റ് അശാസ്ത്രീയ രീതികള്‍ പിന്തുടരരുതെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴാണ് ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക പേജില്‍ ഇത്തരമൊരു പോസ്റ്റ് വരുന്നത്.
' ഇന്നും ഒരു കേസും പോസിറ്റീവ് ആയില്ല. ഏറ്റവും ആശ്വാസമായത് ലിനി സിസ്‌റ്ററിന്റെ കുട്ടികളുടെ ടെസ്‌റ്റ് നെഗറ്റീവ് ആയതാണ്. പനി ബാധിച്ചു ഇന്നലെ ആശുപത്രിയിലായതു മുതല്‍ അതറിഞ്ഞ എല്ലാവരും പ്രാര്‍ത്ഥിച്ചിരുന്നു. പ്രാര്‍ത്ഥന ഫലിച്ചു.' എന്നായിരുന്നു പോസ്‌റ്റ്. പോസ്‌റ്റ് വന്നതു മുതല്‍ നിരവധി പേര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു.
പോസ്‌റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളിട്ടും പലരും പ്രതിഷേധമറിയിച്ചു. 'പാട്ടുകുര്‍ബാന കൂടി നടത്താമായിരുന്നു, കൂട്ടപ്രാര്‍ത്ഥനയായിരുന്നോ, ഇത്രയധികം മികച്ച ചികിത്സ നല്‍കിയിട്ടും പ്രാര്‍ത്ഥന ഫലിച്ചുവത്രേ,' തുടങ്ങിയ പ്രതികരണങ്ങള്‍ പോസ്‌റ്റിട്ടയുടന്‍ തന്നെ വന്നിരുന്നു. ഇന്നു രാവിലെയാണ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പേജ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് അറിയിച്ചത്. പേജ് കൈകാര്യം ചെയ്‌ത വ്യക്തിക്ക് വേണ്ട രീതിയില്‍ അത് കൈകാര്യം ചെയ്യാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നുവെന്നും ആ സ്ഥാനത്തേക്ക് അര്‍ഹനായ ഒരാളെ എത്രയും പെട്ടെന്ന് നിയമിച്ച ശേഷം പേജിന്റെ പ്രവര്‍ത്തനം തുടരുമെന്നുമാണ് രാജീവ് സദാനന്ദന്‍ അറിയിച്ചിരിക്കുന്നത്. ഈ പോസ്‌റ്റിനു താഴെയും 'നമുക്ക് പ്രാര്‍ഥിക്കാം പുതിയൊരാളെ കിട്ടാന്‍' എന്ന രീതിയിലാണ് കൂടുതല്‍ പേരും പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam