ആകെ പോൾ ചെയ്ത 2,996 വാർഡുകളിൽ 1,537 എണ്ണത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. 2020 ൽ 568 സീറ്റുകൾ മാത്രമായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്.

ഹൈദരാബാദ് : തെലങ്കാനയിൽ നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് തകർപ്പൻ വിജയം. ബിജെപിയെ മൂന്നാം സ്ഥാനത്ത് മാത്രമെത്തിയപ്പോൾ ബി ആർ എസ് രണ്ടാം സ്ഥാനത്തെത്തി. ആകെ പോൾ ചെയ്ത 2,996 വാർഡുകളിൽ 1,537 എണ്ണത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. പ്രധാന പ്രതിപക്ഷമായ കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി 781 വാർഡുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ബി.ജെ.പി 336 സീറ്റുകളുമായി മൂന്നാം സ്ഥാനത്തായി. 2020 ൽ 568 സീറ്റുകൾ മാത്രമായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്തെ 116 മുൻസിപ്പാലിറ്റികളിലേക്കും 7 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ മിക്കയിടങ്ങളിലും കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. നൽഗൊണ്ട, നിസാമാബാദ് ഉൾപ്പെടെയുള്ള പ്രധാന കോർപ്പറേഷനുകളിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബി.ആർ.എസിന് വലിയ തിരിച്ചടിയുണ്ടായപ്പോൾ ബി.ജെ.പി ചില നഗര മേഖലകളിൽ സാന്നിധ്യം അറിയിച്ചു.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമായാണ് ഈ വിജയത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ജനാഭിലാഷം മാനിച്ചുകൊണ്ടുള്ള ഭരണത്തിനുള്ള ജനങ്ങളുടെ അനുഗ്രഹമാണ് ഈ വിജയമെന്ന് ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു. വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും കോർപ്പറേറ്റർമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പിൽ പലയിടത്തും സ്വതന്ത്രരാണ് കിങ്‌മേക്കർമാരായത്. ഒരു പാർട്ടിയും വ്യക്തമായ ഭൂരിപക്ഷം നേരിടാത്ത ഇടങ്ങളിൽ ചെയർപേഴ്‌സണിനെയും മേയറെയും തീരുമാനിക്കുന്നത് ഇവരുടെ നിലപാടിനെയും ആശ്രയിച്ചിരിക്കും. 181ഓളം സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചിരിക്കുന്നത്. 123 മുൻസിപ്പാലിറ്റികളിൽ 30 ഇടങ്ങളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല.