പൊടിക്കാറ്റില്‍  അകപ്പെട്ട് രാജ്യം; 24 മരണം

By web deskFirst Published May 14, 2018, 1:16 AM IST
Highlights
  • ഇടിമിന്നലോട് കൂടിയ മഴയില്‍ ആന്ധ്രാപ്രദേശില്‍ മാത്രം ആറ് മരിച്ചു.

ദില്ലി:  രാജ്യത്ത് ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും 24 മരിച്ചു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി.. ഇടിമിന്നലോട് കൂടിയ മഴയില്‍ ആന്ധ്രാപ്രദേശില്‍ മാത്രം ആറ് മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങലില്‍ ഉണ്ടായ പൊടിക്കാറ്റില്‍ നിരവധി പേരാണ് മരിച്ചത്. 

ദില്ലി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം മുടങ്ങി. വിവിധ വിമാനത്താവളങ്ങള്‍ പൊടിക്കാറ്റിന്റെ പരിധിയില്‍പ്പെട്ടതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. 

രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമായി പൊടിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പൊടിക്കാറ്റിന് പുറകേ ചൂടുകൂടിയതും ജനങ്ങളെ വലയ്ക്കുകയാണ്. പല സ്ഥലങ്ങളിലും ഇന്നലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. 

എന്നാല്‍ ഉത്തരാഖണ്ഡിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും  പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത രണ്ട് ദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴയും കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥയില്‍ പെട്ടെന്ന് വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

click me!