മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തതിന് പിന്നാലെയാണ് വിചിത്ര സംഭവങ്ങളുടെ തുടക്കം

സിയോനി: ഡയപ്പറുകളുടെ ഉപയോഗം പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ദോഷത്തേക്കുറിച്ച് ശാസ്ത്രീയ വശം വ്യക്തമാക്കി വിദഗ്ധർ വിശദമാക്കാറുണ്ട്. എന്നാൽ ഡയപ്പർ 20 ദിവസം പ്രായമുള്ള നവജാത ശിശുവിന് രക്ഷകനായി മാറിയ കാഴ്ചയാണ് ഛത്തീസ്ഡഡിലെ സിയോനിക്കാർക്ക് പറയാനുള്ളത്. മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തതിന് പിന്നാലെയാണ് വിചിത്ര സംഭവങ്ങളുടെ തുടക്കം. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കുരരങ്ങനെ ഓടിക്കാൻ ശ്രമിക്കുകയും കുരങ്ങനിൽ നിന്ന് കുട്ടിയെ വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാർ വിടാതെ പിന്തുടരാൻ തുടങ്ങിയതോടെ കുരങ്ങനും ഭയന്നു. പരക്കം പാച്ചിലിൽ കുരങ്ങന്റെ കയ്യിൽ നിന്ന് കുഞ്ഞ് സമീപത്തെ കിണറിലേക്ക് വീഴുകയായിരുന്നു. എന്നാൽ ഡയപ്പറിട്ടത് മൂലം കുഞ്ഞ് വെള്ളത്തിൽ പൊന്തിക്കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ കുട്ടിയെ മുങ്ങിപ്പോകും മുൻപ് കരയിലേക്ക് എത്തിക്കുകയായിരുന്നു. കരയ്ക്ക് എത്തിച്ച കുട്ടി ചലിക്കാതെ വന്നതോടെ ബഹളമെല്ലാം നടക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന രാജേശ്വരി രാത്തോഡ് എന്ന നഴ്സ് കുട്ടിക്ക് സിപിആർ നൽകുകയായിരുന്നു. സിപിആർ ലഭിച്ചതോടെ കുട്ടി ശ്വസിക്കാൻ ആരംഭിക്കുകയായിരുന്നു. കുട്ടിയെ വൈകാതെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നിലയിൽ ഭയക്കാനൊന്നുമില്ലെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്. 

കുരങ്ങനുമായുള്ള പിടിവലിക്കിടെ കുഞ്ഞിനെ പരിക്കേറ്റിട്ടില്ലെന്നതാണ് ആശ്വാസകരമായ വസ്തുത. മാഡ്വയിലെ പവർ പ്ലാന്റിലെ ജീവനക്കാരനായ അരവിന്ദ് റാത്തോഡിന്റെ പെൺകുഞ്ഞിനെയാണ് കുരങ്ങ് തട്ടിയെടുത്തത്. കുരങ്ങന്മാരുടെ ശല്യം ഗ്രാമത്തിൽ പതിവാണെങ്കിലും ഇത്തരമൊരു സംഭവം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നാണ് അരവിന്ദ് റാത്തോഡ് വിശദമാക്കുന്നത്. ഗ്രാമവാസികളുടേയും നഴ്സിന്റേയും സഹായത്തിന് നന്ദി പറയുകയാണ് അരവിന്ദ് റാത്തോഡ്.ഛത്തീസ്ഗഡിലെ ചിംമ്പ ജില്ലയിലെ ജാൻജ്ഗിറിലാണ് ബുധനാഴ്ചയാണ് സംഭവം നടന്നത്. പെൺകുഞ്ഞിന്റെ അമ്മ സുനിത റാത്തോഡിന്റെ കൈകളിൽ നിന്നാണ് കുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തത്. നാലോ അഞ്ചോ കുരങ്ങന്മാർ സമീപത്തെ ടെറസിൽ നിന്ന് ചാടിയെത്തിയെന്നാണ് വീട്ടുകാർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം