യുഎഇയില്‍ കനത്ത ചൂട്

By Web DeskFirst Published Jul 14, 2016, 6:42 PM IST
Highlights

ദുബായ്: യു എ ഇയില്‍ ചൂട് കൂടുന്നു. ദുബായിലും അബുദാബിയിലും അടുത്ത ആഴ്ച അന്തരീക്ഷ താപം നാല് ഡിഗ്രി സെല്‍ഷ്യസ് കൂടുമെന്നാണ് കാലാവസ്ഥാപ്രവചനം. ഉഷ്ണ സൂചിക 68 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

യു എ ഇയില്‍ ചൂട് ഇനിയും വര്‍ദ്ധിക്കുകയാണ്. ദുബായിലും അബുദാബിയിലും അടുത്ത ആഴ്ച അന്തരീക്ഷ താപം നാല് ഡിഗ്രി സെല്‍ഷ്യസ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. 45 ഡിഗ്രി സെല്‍ഷ്യസിനും 49 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. എന്നാല്‍ ഉഷ്ണ സൂചിക 64 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമത്രെ. അതായത് താപനില 49 ഡിഗ്രി ആണെങ്കിലും ഒരു വ്യക്തിക്ക് ഫലത്തില്‍ 64 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെടും.

താപനിലയും അന്തരീക്ഷ ഈര്‍പ്പവും കാറ്റിന്റെ വേഗതയും കണക്കാക്കിയാണ് ഉഷ്ണ സൂചിക തയ്യാറാക്കുന്നത്. ഈ ദിവസങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം 90 ശതമാനത്തിലെത്തും. ചിലയിടങ്ങളില്‍ 95 ശതമാനം വരെ ആകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ഉഷ്ണ സൂചിക ഓരോ വ്യക്തിക്കും അനുസരിച്ച് വ്യത്യാസമായിരിക്കുമെന്നാണ് വിശദീകരണം. യു.എ.ഇയില്‍ കാലങ്ങളായി താമസിക്കുന്ന ഒരാള്‍ക്ക് 64 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെടുന്നുവെങ്കില്‍ പുതുതായി വന്ന ഒരാള്‍ക്ക് അത് ചിലപ്പോള്‍ 70 ഡിഗ്രി സെല്‍ഷ്യസായിട്ടായിരിക്കും അനുഭവപ്പെടുക.

അതേസമയം ചൂട് കൂടുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചൂടുകാലത്ത് അന്തരീക്ഷ താപം ഇത്തരത്തില്‍ ഉയരുന്നത് സാധാരണമാണ്. വെയിലത്ത് പോകുന്നവര്‍ കൃത്യമായ മുന്‍കരുതല്‍ എടുത്താല്‍ പേടിക്കാനില്ല. കുറേ സമയം നേരിട്ട് വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുകയും ശരീരത്തില്‍ നിര്‍ജ്ജലീകരണം വരാതിരിക്കാന്‍ സൂക്ഷിക്കുകയും വേണം.

click me!