വടക്കൻ ജില്ലകളില്‍ കനത്ത മഴ, ഇടുക്കിയിൽ ആശ്വാസം, ശബരിമലയില്‍ തന്ത്രിയെ എത്തിക്കാന്‍ ശ്രമം

By Web TeamFirst Published Aug 14, 2018, 12:21 PM IST
Highlights

സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്.  പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതേ സമയം  മഴ കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തിയിട്ടുണ്ട്.

കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്.  പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതേ സമയം  മഴ കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തിയിട്ടുണ്ട്.

ഇടുക്കി

ചെറുതോണി അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ മൂന്ന് ലക്ഷം ലിറ്ററാക്കി കുറച്ചു. നേരത്തെ ഇത് സെക്കന്റിൽ നാലര ലക്ഷം ആയിരുന്നു. പതിനൊന്ന് മണിമുതൽ ഷട്ടറുകൾ ഒരു മീറ്ററിലേക്ക് താഴ്ത്തിക്കൊണ്ടുവന്നാണ് വെള്ളത്തിന്റെ അളവ് കുറച്ചത്. നേരത്തെ ഷട്ടറുകൾ ഒന്നര മീറ്ററാണ് തുറന്നിരുന്നത്. നിലവിൽ ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. അഞ്ച് ഷട്ടറുകളിൽ രണ്ടെണ്ണം ഇന്നലെ രാത്രി അടച്ചിരുന്നു.  

വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ കാരണം. അതേ സമയം ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവിൽ കുറവ് വന്നിട്ടില്ല.  മഴ കുറഞ്ഞതിനാൽ വരും മണിക്കൂറുകളിൽ നീരൊഴുക്ക് കുറയുമെന്നാണ് കെഎസ്ഇബി അധികൃതരുടെ കണക്കുകൂട്ടൽ. ഒഴുക്കുന്ന വെള്ളം കുറച്ചതോടെ പെരിയാറിലെ ജലനിരപ്പ്  കുറയും.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. 136.4 അടിയാണ് ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴകൂടിയതാണ് ജലനിരപ്പ് ഉയരാൻ കാരണം. വൈഗ അണക്കെട്ടിലേക്ക് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയേക്കും. നിലവിൽ 61 അടിയാണ് വൈഗയിലെ ജലനിരപ്പ്. 71 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. തമിഴ്നാട്ടിലെ മേഖലയിൽ കൂടുതൽ മഴ കിട്ടാത്തതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ സാധിക്കും.  

സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കാൻ കഴിയുന്ന വെള്ളത്തിന്‍റെ അളവ്. ഈ അളവിലേക്കെത്താൻ ഇനി അഞ്ചര അടി കൂടിയാണ് വേണ്ടത്.  നേരത്തെ പെയ്തിരുന്ന കനത്ത മഴയിൽ ഇപ്പോൾ കുറവ് വന്നിട്ടുണ്ട്.  അതിനാൽ 142 അടിയിലേക്ക് എത്താനുള്ള സാധ്യത കുറവാണെന്നാണ് ഡാം സുരക്ഷാ അതോറിറ്റി നൽകുന്ന വിവരം. 136 അടി എത്തിയപ്പോൾ ആദ്യജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നാണ് ജില്ലാഭരണകൂടവും അറിയിക്കുന്നത്. അതേസമയം മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു. പ്രതിസെക്കന്റിൽ 12,500 ലിറ്റർ വെള്ളം തുറന്ന് വിടുന്നുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

വയനാട്

വയനാട്ടിന്റെ പല മേഖലകളിലും കനത്ത മഴ തുടരുകയാണ്.  ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ നിലവിൽ 180 സെന്റീമീറ്റർ തുറന്നിട്ടുണ്ട്. ഇത് ഇനിയും തുറക്കേണ്ടിവരുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്.  വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത ഉണ്ട്.

തലപ്പുഴയിൽ ഒരാൾ പുഴയിലെ ഒഴുക്കിൽപ്പെട്ടെന്ന വാർത്തയും വയനാട്ടിൽ നിന്ന് വരുന്നുണ്ട്. ഒരാൾ പുഴയിൽ ഒഴുകിപ്പോയതായി വീട്ടമ്മ പറ‍ഞ്ഞതാണ് ആശങ്കയുടെ അടിസ്ഥാനം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

നിലവിൽ വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി മേഖലകളിലാണ് ശക്തമായ മഴ തുടരുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള മക്കിമല, കുറിച്യർമല എന്നിവിടങ്ങളിലും മഴ തുടരുന്നത് ആശങ്ക ഉയർത്തുകയാണ്.

കോഴിക്കോട്

കോഴിക്കോട് മലോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പല മേഖലകളിലും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.  മുത്തപ്പൻ പുഴയും ഇരുവഴിഞ്ഞുപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. പുഴകളുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.  ആനക്കംപൊയിലിൽ ഒരുവീടിന് മുകളിൽ മരണം വീണു. എന്നാൽ ആളപായമില്ല.  വനമേഖലകളിൽ  നിന്ന് ഉരുൾപൊട്ടലിന്റെ റിപ്പോർട്ടുകൾ എത്തുന്നുണ്ട്. പല മേഖലയിലും കനത്ത കൃഷിനാശം സംഭവിച്ചിട്ടുണ്ട്.

പാലക്കാട്

ഇടവിട്ട കനത്ത മഴയാണ് പാലക്കാട് ജില്ലിയിൽ പെയ്യുന്നത്. കൽപ്പാത്തിപ്പുഴയ്ക്ക് ഇരുകരകളിലുമുള്ള വീടുകളിൽ വെള്ളം കയറി. ആണ്ടിമഠം കോളനിയിൽ ഇരുപതിലേറെ വീടുകൾ നശിച്ചു. ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്. ഈ പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. നിലവിൽ പത്ത് ദുരിതാശ്വാസ ക്യാന്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. വേണമെങ്കിൽ കൂടുതൽ ക്യാന്പുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 60 സെന്റീമീറ്ററിലേക്ക് ഉയർത്താനുള്ള സാധ്യതയുമുണ്ട്. വാളയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.  അങ്ങനെയെങ്കിൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.

ശബരിമല

ശബരിമലയിൽ മഴ തുടരുകയാണ്. ത്രിവേണി ഇപ്പോഴും വെള്ളത്തിനടിയിലാണ് . രണ്ട് പാലങ്ങളും മുങ്ങിയ അവസ്ഥയിലാണ്. നിറപുത്തരിക്കായി ഇന്ന് വൈകുന്നേരം ശബരിമല നടതുറക്കും. എന്നാൽ തന്ത്രി ഉൾപ്പെടെയുള്ളവരെ സന്നിധാനത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. വണ്ടിത്താവളം വഴി വനത്തിലൂടെ തന്ത്രിയെ സന്നിധാനത്ത് എത്തിക്കാനാണ് ശ്രമം നടക്കുന്നത്. മേൽശാന്തി സന്നിധാനത്തുള്ളതിനാൽ നിറപുത്തരി ചടങ്ങുകൾക്ക് തടസ്സമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

click me!