കനത്ത മഴ:സംസ്ഥാനത്തെ താപനില കുറയുന്നു

By Web deskFirst Published May 27, 2018, 6:09 PM IST
Highlights
  • ലക്ഷദ്വീപില്‍ കനത്ത മഴ... മണ്‍സൂണ്‍ കേരളതീരത്തേക്ക് 

തിരുവനന്തപുരം:അറബിക്കടലില്‍ കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം മൂലം  മേഖലയില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പില്‍ പറയുന്നു. അടുത്ത 24 മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്. 

അടുത്ത 2-3 ദിവസത്തേക്ക് കേരളത്തിന്‍റെ തീരമേഖലകളില്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നു. കനത്ത മഴയെ തുടരുന്നതിനാല്‍ സംസ്ഥാനത്തെ കൂടിയ താപനിലയില്‍  3-4 ഡിഗ്രീ വരെ കുറവുണ്ടാവാം എന്നും സ്കൈമെറ്റ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ വരവിന് മുന്നോടിയായി കനത്ത മഴയാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ‍ഞായറാഴ്ച്ച രാവിലെ എട്ടര വരെയുള്ള 24 മണിക്കൂറില്‍ കൊച്ചിയില്‍ 35 മില്ലിമീറ്ററും, കോഴിക്കോട് 28 മില്ലിമീറ്ററും, ആലപ്പുഴയില്‍ 22 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. പുനലൂര്‍--17,കോട്ടയം-11.4, കരിപ്പൂര്‍-9, തിരുവനന്തപുരം-8 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളില്‍ പെയ്ത മഴയുടെ അളവ്. തിരുവനന്തപുരം,കോട്ടയം, ആലപ്പുഴ, കൊച്ചി,തൃശ്ശൂര്‍,കണ്ണൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്, 

അതിനിടെ ലക്ഷദ്വീപില്‍ കനത്ത മഴ തുടരുകയാണ്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി വരെയുള്ള 24  മണിക്കൂറില്‍ അമിനി ദ്വീപില്‍ 28 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അഗത്തിയില്‍ 6 മില്ലി മീറ്ററും മിനിക്കോയിയില്‍ 14 മില്ലീമീറ്ററും മഴ പെയ്തു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണും ലക്ഷദ്വീപിനരികിലേക്ക് നീങ്ങുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ അവിടെ ഉണ്ടാവമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ പ്രവചനം. താപനിലയില്‍ മൂന്ന് ഡിഗ്രീ മുതല്‍ നാല് ഡിഗ്രീ വരെ കുറവ് അനുഭവപ്പെടാം.അമിനി, മിനിക്കോയ്,അഗത്തി ദ്വീപുകളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

click me!