പൂരം കലക്കലിൽ അന്നത്തെ തൃശ്ശൂര്‍ ജില്ലാ കളക്ടർ ആയിരുന്നു ഒന്നാം പ്രതിയെന്ന മുൻ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാദം തള്ളി മന്ത്രി കെ രാജൻ. . പൂരം കലക്കൽ സംബന്ധിച്ച് ഇല്ലാത്ത റിപ്പോർട്ടിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ: പൂരം കലക്കലിൽ അന്നത്തെ തൃശ്ശൂര്‍ ജില്ലാ കളക്ടർ ആയിരുന്നു ഒന്നാം പ്രതിയെന്ന മുൻ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാദം തള്ളി റവന്യൂ മന്ത്രി കെ രാജൻ രംഗത്തെത്തി. പൂരം കലക്കൽ സംബന്ധിച്ച് ഇല്ലാത്ത റിപ്പോർട്ടിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാൻ തന്നെ കിട്ടില്ല എന്നും കെ രാജൻ വ്യക്തമാക്കി. ഒന്നാം പ്രതി കളക്ടറാണെങ്കില്‍ കളക്ടറെ നിയന്ത്രിക്കുന്ന റവന്യൂ മന്ത്രിയെയും പ്രതി ചേര്‍ക്കണെമന്ന് ബിജെപി ആവശ്യപ്പെട്ടു.

പൂരം കലക്കൽ റിപ്പോർട്ടിൻ്റെ പകർപ്പ് എന്താണ് ആരും പ്രസിദ്ധീകരിച്ചു കാണാത്തത്? പ്രസിദ്ധീകരിച്ചാൽ അത് വായിച്ചതിനെ കുറിച്ച് അഭിപ്രായം ചോദിക്കുക. ഞാനാണ് ഒന്നാംപ്രതി എന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് പ്രതികരിക്കാൻ ഒഴിവില്ല. അനാവശ്യമായി ആരെങ്കിലും ചൂണ്ടയിട്ടാൽ അതിൽ കൊത്തുന്ന ശീലം എനിക്കില്ല. ഇല്ലാത്തൊരു ചുമരിൽ ഞാൻ ചിത്രം എഴുതില്ല. എന്റെ മുന്നിലേക്കോ കേരളത്തിലെ ക്യാബിനറ്റിന് മുന്നിലേക്കോ റിപ്പോർട്ട് വന്നിട്ടില്ല. സർക്കാരിന് മുന്നിലേക്ക് റിപ്പോർട്ട് വന്നാൽ ക്യാബിനറ്റിനു മുന്നിലേക്ക് വരും. പൂരത്തിന്റെ ഗുണഫലം ആരാണ് എടുത്തതെന്നും ആരാണ് വെള്ളം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചതെന്നും എല്ലാവർക്കും അറിയാം. ഇല്ലാത്ത റിപ്പോർട്ടിനെ ചൊല്ലിയാണ് ഈ വിവാദെന്നും മന്ത്രി പറഞ്ഞു.

പൂരം കലക്കൽ സംഭവത്തിൽ അന്നത്തെ ജില്ലാ കളക്ടർ കൃഷ്ണതേജയെ പ്രതിപ്പട്ടികയില്‍ ചേർക്കുകയായിരുന്നു വിഎസ് സുനിൽ കുമാർ ഇന്നലെ ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയി ഡെപ്യൂട്ടേഷന് പോയതുപോലും ഗൂഢാലോചന ആയിരുന്നു എന്നും സുനിൽകുമാർ പറഞ്ഞുവെച്ചു. കളക്ടറെ നിയന്ത്രിക്കുന്ന റവന്യൂ മന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രസ്താവന ആയിരുന്നു വിഎസ് സുനിൽകുമാറിന്റേത്. പ്രസ്താവന ഏറ്റെടുത്ത് രംഗത്തെത്തിയ ബിജെപി പൂരം കലക്കിയത് റവന്യൂ മന്ത്രിയും സിപിഐ സ്ഥാനാര്‍ഥിയായ സുനില്‍ കുമാറിന്‍റെയും ഗൂഢാലോചനയാണെന്ന് തിരിച്ചടിച്ചു. പൂരം കലക്കലില്‍ പൊലീസ് റിപ്പോര്‍ട്ട് തന്നെ സാങ്കല്‍പ്പികമാണെന്ന് പറഞ്ഞായിരുന്നു മന്ത്രി കെ രാജന്‍റെ പ്രതിരോധം. ഇതുവരെ ഉന്നയിക്കാത്ത ഒരാരോപണം ഉന്നയിച്ച് വിഎസ് സുനില്‍ കുമാര്‍ റവന്യൂ മന്ത്രിയെ പ്രതിരോധത്തിലാക്കിയതിനെതിരെ സിപിഐയിലും അമര്‍ഷമുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming