പണയംവച്ച ഭൂമിയിൽ നിന്നും പൂർണമായി ഒഴിയണമെന്ന് പ്രീത ഷാജിയോട് ഹൈക്കോടതി

By Web TeamFirst Published Nov 26, 2018, 2:57 PM IST
Highlights

ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീത ഷാജി പണയം വെച്ച ഭൂമിയിൽ നിന്നും പൂർണമായി ഒഴിയണമെന്ന്  ഹൈക്കോടതി. താക്കോൽ കൈമാറിയിട്ടും കുടിൽകെട്ടി ഇവിടെ സാധനങ്ങൾ സൂക്ഷിക്കുകയോ കുടുംബം താമസിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് റവന്യു വകുപ്പിനോട് കോടതി നിർദ്ദേശിച്ചു. 

കൊച്ചി: ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീത ഷാജി പണയം വെച്ച ഭൂമിയിൽ നിന്നും പൂർണമായി ഒഴിയണമെന്ന്  ഹൈക്കോടതി. താക്കോൽ കൈമാറിയിട്ടും  കുടിൽകെട്ടി ഇവിടെ സാധനങ്ങൾ സൂക്ഷിക്കുകയോ കുടുംബം താമസിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് റവന്യു വകുപ്പിനോട് കോടതി നിർദ്ദേശിച്ചു. എന്നാൽ താൻ താമസിക്കുന്നത് പണയഭൂമിയിലല്ലെന്ന് പ്രീത ഷാജി കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രീത ഷാജിയും കുടുംബവും വീടിന്‍റെ താക്കോൽ കൈമാറിയത്. എന്നാൽ വീടൊഴിഞ്ഞിട്ടും വീടിരിക്കുന്ന ഭൂമിയിൽ കുടിൽ കെട്ടി പ്രീത വീട്ടു സാധനങ്ങൾ സൂക്ഷിക്കുന്നുവെന്ന് കാണിച്ച് സ്ഥലം വാങ്ങിയ രതീഷ് വീണ്ടും കോടതിയെ സമീപിച്ചു. 

ഭൂമിയും, കെട്ടിടവും പണയത്തിലാണെന്ന് ബാങ്കും കോടതിയിൽ അറിയിച്ചു. ഇതേ തുടർന്നാണ് സ്ഥലം വില്ലേജ് ഓഫീസറോട് ഏന്തെങ്കിലും തരത്തിലുള്ള കുടിൽ പണയഭൂമിയിലുണ്ടോയെന്ന് പരിശോധിച്ച് മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചത്. വീടിരിക്കുന്ന ഭൂമിയിലേക്ക് ആരും കയറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

ബന്ധുവിന്‍റെ ഭൂമിയിലും, വീട്ടിലേക്കുള്ള വഴിയിലുമാണ് കുടിൽ കെട്ടിയിരിക്കുന്നതെന്ന് പ്രീത ഷാജി പറഞ്ഞു. വാടക വീട് എടുക്കാനാവാത്തതിലാണ് വീട്ടുസാധനങ്ങൾ മാറ്റാൻ കഴിയാത്തത്. കോടതി പരാമർശത്തെ തുടർന്ന് ഇതും കുടിലിലേക്ക് മാറ്റും, അവർ പറഞ്ഞു.

ഭൂമിയുടെ രേഖകൾ പരിശോധിച്ച ശേഷം തുടർനടപടിയെടുക്കുമെന്ന് തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസ് അറിയിച്ചു. അടുത്ത മാസം 11ാം തിയതി കേസിൽ അന്തിമ വാദം നടക്കും.

 

click me!