പുറ്റിങ്ങല്‍ ദുരന്തം; കളക്ടര്‍ നിരോധിച്ച വെടിക്കെട്ട് എങ്ങനെ നടന്നെന്ന് ഹൈക്കോടതി

By Web DeskFirst Published May 20, 2016, 5:02 PM IST
Highlights

പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് സംബന്ധിച്ച കേസുകള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് തോട്ടത്തില് രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റെ ഉത്തരവ്. കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എഡിജിപി സമര്‍പ്പിച്ചിരുന്നു. ഇതില്‍ നിരോധിച്ച മത്സരവെടിക്കെട്ട് നടത്താനിടവന്ന സാഹചര്യത്തെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടര്‍ ഇത് നിരോധിച്ചതാണ്. എഡിഎമ്മിനം ഇക്കാര്യം അറിയാം. വെടിക്കെട്ടിന് അനുമതി നല്‍കേണ്ടവര്‍ നിരോധിച്ചിട്ടും ഇതെങ്ങനെ നടന്നുവെന്ന് കോടതി ചോദിച്ചു. ഭരണഘടനാതീതമായി പ്രവര്‍ത്തിക്കുന്ന ഈ ശക്തി ഏതാണ്. അധികാര കേന്ദ്രങ്ങളില്‍ ഇത്തരം ശക്തികള്‍ എന്നുമുണ്ട്. അതല്ലാതെ, വെടിക്കെട്ട് പെര്‍മിറ്റ് പിന്നീട് ഹാജരാക്കാമെന്ന വാക്ക് കേട്ട് ഒരു സര്‍ക്കിള്‍ ഇന്സ്‌പെകടര്‍ തിരികെ പോകില്ല. 

ഈ ശക്തിയെ കുറിച്ച് എന്തു കൊണ്ട് ക്രൈംബ്രാഞ്ച് മൗനം പാലിക്കുന്നു. ഇതേക്കുറിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്കണമെന്ന് കോടതി മുറിയിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐജി ഡി ശ്രീജിത്തിന് അടുത്തേക്ക് വിളിച്ചുവരുത്തി കോടതി നിര‍ദ്ദേശം നല്‍കുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഈ ഘട്ടത്തില്‍ വ്യക്തികളെക്കുറിച്ച് പറയാന്‍ കഴിയില്ലെന്ന് ഐജി അറിയിച്ചു. എങ്കില്‍ വ്യക്തികളെ പരാമര്‍ശിക്കേണ്ടെന്നും ഇതേക്കുറിച്ച് ഇതിനകം ലഭ്യമായ വസ്തുതകള്‍‍  അറിയിച്ചാല്‍മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. വെടിക്കെട്ടിനിടെ രാത്രി 11.56 നാണ് ആദ്യ അപകടം ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. രക്തം ഛര്‍ദ്ദിച്ച ഒരാളെ  ആശുപത്രിയിലാക്കി. എന്നിട്ടും പൊലീസ് എന്തു കൊണ്ട് വെടിക്കെട്ട് ത‍ടഞ്ഞില്ല. അവസാനത്തെ കതിന പോട്ടിയത് വെളുപ്പിന് മൂന്ന് മണിക്കാണ്. രക്തപുഷ്പാ‍‍ഞ്ജലിക്ക് വേണ്ടി എന്തിന് കാത്തിരുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം.

click me!