
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് തിരിച്ചടി. സംസ്ഥാനത്തെ ഒരു സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശനം തേടുന്ന അഞ്ച് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇന്നലെ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കൽ കോളേജിലെ ഒരു വിദ്യാർഥിനി നൽകിയ ഹർജിയിൽ ബാങ്ക് ഗാരണ്ടി വാങ്ങരുതെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധി ഒരു വിദ്യാർത്ഥിക്ക് മാത്രമാണോ ബാധകം എന്ന് സംശയം ഉയർന്നതിനു പിന്നാലെ ട്രാവന്‍കൂര്‍ മെഡിക്കൽ കോളേജിലെ അഞ്ച് കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചു
ഈ ഹർജിയിലാണ് സംസ്ഥാനത്തെ ഒരു സ്വാശ്രയ കോളേജിലും ബാങ്ക് ഗാരണ്ടി വാങ്ങരുത് എന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷ്ണറും ഫീസ് നിരീക്ഷണ സമിതിയും ഉറപ്പുവരുത്തണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ബാങ്ക് ഗ്യാരണ്ടി തലവരിപ്പണമായി കണക്കാക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ ജസ്റ്റിസ്.രാജേന്ദ്ര ബാബു പറഞ്ഞു.
ഒന്നാം വർഷ വിദ്യാർഥിനി നവ്യ രാജീവാണ് ബാങ്ക് ഗാരണ്ടി വാങ്ങതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അഡ്മിഷന്‍ ഫീസിന് പുറമെ ഒരു ഫീസും അധികം കൊടുക്കേണ്ടെന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബാങ്ക് ഗ്യാരന്‍റി ആവശ്യപ്പെട്ടത്. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസിന് പുറമെ വിദ്യാർത്ഥികൾ അടക്കേണ്ട സ്പെഷ്യൽ ഫീസ് ഈ ആഴ്ച തന്നെ നിശ്ചയിക്കുമെന്നും അതുവരെ അഡ്മിഷന്‍ ഫീസ് അല്ലാതെ മറ്റൊന്നും വാങ്ങരുതെന്നുമുള്ള രാജേന്ദ്ര ബാബു കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെയാണ് ബാങ്ക് സെക്യൂരിറ്റി ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നത്. ഇതോടെ കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam