കോൺഗ്രസ് ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ നീക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുതിർന്ന നേതാവ് പി ജെ കുര്യൻ. താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസൻ ആളുകൾ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കോൺഗ്രസ് ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ നീക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലൈം​ഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് അവസരം നല്‍കണം. എന്നാല്‍ തെരഞ്ഞെടുപ്പിൽ ഭാഷയും സൗന്ദര്യവും മാനദണ്ഡമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോൺഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആർക്കും പാടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ ത്യാഗികൾ ഇല്ലെന്നും എന്നാൽ തനിക്ക് ത്യാഗിയാകാനും പറ്റുമെന്നും വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിന്ന് ഒരു വിഭാഗം മുതിർന്ന നേതാക്കൾ റിട്ടയർ ചെയ്യേണ്ടി വരും. 10 വർഷം കഴിയുമ്പോള്‍ താനും റിട്ടയർമെന്‍റിനെക്കുറിച്ച് ആലോചിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തിയല്ല യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിഡി സതീശൻ പറഞ്ഞു. 

യുവാക്കള്‍ക്ക് പ്രധാന്യം നൽകികൊണ്ടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പിലൊരു യുവത്വവും തിളക്കവും ഉണ്ടാകും. എന്നാൽ, മുതിര്‍ന്ന നേതാക്കളെ പാടെ മാറ്റണമെന്നല്ല പറയുന്നതെന്നും അവര്‍ക്കും അര്‍ഹമായ പരിഗണന നൽകുമെന്നും ജയിക്കാൻ പറ്റുന്ന യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരമാവധി സീറ്റ് നൽകുകയെന്നതാണ് തീരുമാനമെന്നും വിഡി സതശൻ പറഞ്ഞു. അങ്ങനെ വരുമ്പോള്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ റിട്ടയര്‍ ചെയ്യേണ്ടിവരും.

കോണ്‍ഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആര്‍ക്കും ഉണ്ടാകരുതെന്നും വിജയം ഒരാളുടേതല്ലെന്നും തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളി ഉത്തരാവാദിത്തം തനിക്ക് കൂടുതലാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ മുന്നണിക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കും. നിലവിൽ 80 മുതൽ 85 സീറ്റിൽ യുഡിഎഫിനാണ് മേൽക്കൈയുള്ളത്. നിയമസഭയിൽ 100ലധികം സീറ്റ് നേടി അധികാരത്തിലെത്തും. ഫ്രീബീസ് അല്ല യുഡിഎഫിന്‍റെ ഫോക്കസ് എന്നും എൽഡിഎഫ് തകർത്ത കേരളത്തെ കരകയറ്റാൽ ബദൽ അവതരിപ്പിക്കുമെന്നും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞ് വോട്ട് ചോദിക്കുമെന്നും വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണം, കെ സി വേണുഗോപാൽ വരുമെന്നുള്ളത് ഊഹാപോഹം'