മൈക്രോ ഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

By Web DeskFirst Published Apr 11, 2018, 4:21 PM IST
Highlights
  • എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്
  • വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി
  • എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളി
  • മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണം
  • നാലാം പ്രതി നജീബിനെ കേസിൽ നിന്ന് ഒഴിവാക്കി

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ഹർജി കോടതി തള്ളി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.  ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് വെള്ളാപ്പള്ളി നടേശൻ   പ്രതികരിച്ചു .

പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എന്‍ഡിപി കുറഞ്ഞ പലിശയ്ക്ക് കോടികൾ വായ്പ എടുത്ത് സ്വാശ്രയ സംഘങ്ങൾ വഴി ഉയർന്ന് പലിശയ്ക്ക് നൽകിയ കേസ് റദ്ദാക്കാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വിജിലൻസ് അന്വേഷണ റിപ്പോർ‍ട്ട് പരിശോധിച്ച കോടതി കേരളം മുഴുവൻ അന്വേഷണ പരിധിയിൽ വരണമെന്ന് നിർദ്ദേശിച്ചു. പ്രതികൾ ശക്തരായതിനാൽ മികച്ച ട്രാക്ക് റെക്കോഡുള്ള മുതിർന്ന ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം. ധനകാര്യ വിഷങ്ങളിൽ അവഗാഹമുള്ളവരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണം. അന്വേഷണത്തിനായി വിജിലൻസിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെടാമെന്നും കോടതി അറിയിച്ചു.

അഞ്ച് പേരുടെ പ്രതിപ്പട്ടികയിൽ നിന്ന് സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ മുൻ എംഡി എൻ നജീബിനെ ഒഴിവാക്കി. നജീബിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയായ കേസിൽ യോഗം പ്രസിഡന്‍റ് എം.കെ സോമൻ, മൈക്രോ ഫിനാൻസ്​ കോർഡിനേറ്റർ കെ.കെ മഹേശ്വർ, പിന്നാക്ക വികസന കോർപ്പറേഷൻ എംഡി ദിലീപ് കുമാർ എന്നിവരാണ് മറ്റ് പ്രതികൾ. അന്വേഷണത്തിൽ വിയോജിപ്പുണ്ടെങ്കിൽ എട്ട് മാസത്തിന് ശേഷം പ്രതികൾക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.

click me!