ശബരിമല: ഒന്നോ രണ്ടോ യുവതികള്‍ക്ക് മാത്രമായി സുരക്ഷ ഒരുക്കുന്നത് ശരിയല്ലെന്ന് നിരീക്ഷക സമിതി

By Web TeamFirst Published Jan 3, 2019, 5:51 PM IST
Highlights

ഒന്നോ രണ്ടോ സ്ത്രീകൾക്ക് വേണ്ടിയായിരുന്നു നിരവധി പോലീസ് ഉദ്യോഗസ്ഥർ അകമ്പടിപോയത്. കാനന പാതയിൽ  പ്രതിഷേധക്കാർകൂടി സംഘടിച്ചതോടെ സാധാരണ തീർത്ഥാടകരുടെ ജീവന് തന്നെ ഭീഷണിയായി. മലമുകളിൽ അപകടമരണത്തിന് വരെ സാധ്യതയുണ്ടായിരുന്നു. 

കൊച്ചി:  ശബരിമല ദർശനത്തിനെത്തുന്ന യുവതികൾക്ക് പ്രത്യേക പരിഗണനയും സുരക്ഷയും നൽകുന്നതിനെതിരെ ഹൈക്കോടതി നിയോഗിച്ച  നിരീക്ഷണ സമിതി. ഒന്നോ രണ്ടോ സ്ത്രീകൾക്ക് മാത്രമായി  സുരക്ഷ ഒരുക്കുന്നത് ശരിയല്ലെന്നും ആർക്കൊക്കെ സുരക്ഷ ഒരുക്കണമെന്ന കാര്യത്തിൽ ഹൈക്കോടതി ഉത്തരവിറക്കണമെന്നുമാണ് സമിതിയുടെ നിർദ്ദേശം. മനിതി സംഘത്തിന് മാത്രമായി പ്രത്യേക വാഹനം ഏർപ്പെടുത്തിയ പോലീസ് നടപടി നിയമപരമാണോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

ഡിസംബർ 23ന് ശബരിമലയിൽ പ്രവേശിക്കാനെത്തിയ മനിതി സംഘത്തിന് നിലയ്ക്കലിൽ നിന്ന് സ്വകാര്യ വാഹനത്തിൽ പോലീസ് അകമ്പടിയോടെ പമ്പയിലേക്ക് പോകാൻ അനുമതി നൽകിയ സംഭവം ചൂണ്ടികാട്ടിയാണ് നിരീക്ഷണ സമിതി പ്രത്യക സുരക്ഷയിൽ  മാറ്റങ്ങൾ വേണമെന്ന് ചൂണ്ടികാട്ടുന്നത്. ഒന്നോ രണ്ടോ സ്ത്രീകൾക്ക് വേണ്ടിയായിരുന്നു നിരവധി പോലീസ് ഉദ്യോഗസ്ഥർ അകമ്പടിപോയത്. കാനന പാതയിൽ  പ്രതിഷേധക്കാർകൂടി സംഘടിച്ചതോടെ സാധാരണ തീർത്ഥാടകരുടെ ജീവന് തന്നെ ഭീഷണിയായി. മലമുകളിൽ അപകടമരണത്തിന് വരെ സാധ്യതയുണ്ടായിരുന്നു. പ്രായമായ സ്ത്രീകൾക്കും  കുട്ടികൾക്കും മടക്കം സുഖമമായ ദർശനം സാധ്യമാകാതെ വരുന്നു.മകരവിളക്ക് അടുത്തതോടെ നിരവധി തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്.  

അതിനാൽ പ്രത്യേക സുരക്ഷ വിശിഷ്ട വ്യക്തികൾക്കും, ഹൈക്കോടതി നിർദ്ദേശിക്കുന്നവർക്കുമായി ചുരുക്കണം. ഇതിനുള്ള ഉത്തരവ് ഡിവിഷൻ ബ‌ഞ്ച്  പുറപ്പെടുവിക്കണമെന്ന് മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിരീക്ഷക സമിതിയെ വിമർശിച്ച ദേവസ്വം മന്ത്രിക്കും പരോക്ഷ വിമർശനം റിപ്പോർട്ടിലുണ്ട്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിരീക്ഷക സമിതി എന്തെങ്കിലും നിർദ്ദേശം സർക്കാറിന് നൽകിയില്ലെന്നാണ് ചില കേന്ദ്രങ്ങൾ വിമർശിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആരും തങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് സമിതി വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി മനിതി സംഘത്തിന് നിലയ്ക്കലിൽ നിന്ന് പ്രത്യേക വാഹനവും പോലീസ് സുരക്ഷയും നൽകിയത് നിയമപരമാണോ എന്ന സംശയം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ  മറുപടി നൽകാൻ എജിയോട് കോടതി ആവശ്യപ്പെട്ടു. കേസ് ഹൈക്കോടതി ഈമാസം എട്ടിന് വീണ്ടും പരിഗണിക്കും.  

click me!