രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കണം; ഹ‍ർജിയിൽ 15ന് വാദം കേൾക്കും

Published : Dec 06, 2025, 10:25 AM ISTUpdated : Dec 06, 2025, 01:05 PM IST
rahul highcourt

Synopsis

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി. വിശദമായ വാദം കേട്ട ശേഷം തീരുമാനമെന്ന് വ്യക്തമാക്കിയാണ് കോടതി വരുന്ന 15ാം തീയതിയിലേക്ക് കേസ് മാറ്റിയത്. വിശദമായ വാദം കേൾക്കണമെന്നും അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

യുവതിയെ ബലാത്സംഗം ചെയ്ത് നിർ‍ബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്. പരാതി നൽകാനുണ്ടായ കാലതാമസം, പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയത് രാഷ്ട്രീയ പ്രേരിതം എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതതോടെയുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് അനുചിതമെന്ന സുപ്രീം കോടതി വിധിന്യായങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി 57 പേജുള്ള ഹർജിയാണ് കോടതിക്ക് മുന്നിലെത്തിയത്. 

ജസ്റ്റിസ് കെ ബാബു മുൻപാകെ 32ാമതായി ലിസ്റ്റ് ചെയ്ത് കേസ് ആദ്യം പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയുടെ ആദ്യ സിറ്റിംഗിൽ വാദം കേൾക്കാതെ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടുന്നതാണ് പതിവ്. ഇത് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ നീക്കം. സംസ്ഥാന സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നേരിട്ട് ഹാജരായി. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. തയ്യാറെന്ന് സർക്കാരും. എന്നാൽ ഹർജിയിൽ പറയുന്നത് ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണെന്നും വിശദമായ വാദം ആവശ്യമെന്നും ഹൈക്കോടതി നിലപാടെടുത്തു. 

കേസ് വരുന്ന 15ാം തീയതി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി. അത് വരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും കോടതി തടഞ്ഞു. എന്നാൽ ഇന്ന് തന്നെ വിശദമായ വാദം കേൾക്കണമെന്നും അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇതിന് തയ്യാറായില്ല. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നതടക്കം ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനസ്ഥാപനമായ കോടതിക്ക് മുന്നിലാണ് ഗുരുതര സ്വഭാവമുള്ള ഹർജി എത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും താൻ ഈ ഘട്ടത്തിൽ പറയുന്നില്ല. കേസിൽ മുൻവിധിയില്ല. തീരുമാനമെടുക്കാൻ വിശദമായ വാദം ആവശ്യമാണെന്നും പതിനഞ്ചാം തിയതി കേൾക്കാമെന്നും കോടതി ആവർത്തിച്ചു.

തിരുവനന്തപുരം നേമം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലെത്തിയത്. എന്നാൽ ബെംഗളൂരുവിൽ താമസമാക്കിയ 23 വയസ്സുകാരി നൽകിയ പരാതിയിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസിന്റെ വിശദാംശങ്ങളൊന്നും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിട്ടില്ല. നിലവിലെ ഹൈക്കോടതി ഇടക്കാല ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിൽ മാത്രമാകും ബാധകമാവുക.

PREV
Read more Articles on
click me!

Recommended Stories

60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം